Sorry, you need to enable JavaScript to visit this website.

'വായു' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നാളെ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

ജംനാനഗർ -ഗുജറാത്തിലെ ഡിയു വെരവൽ തീരപ്രദേശങ്ങളിൽ 'വായു' ചുഴലിക്കാറ്റ് നാളെ എത്തും. ഈ ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്.  1-1.5 മീറ്റർ ഉയരത്തിൽ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് പറയുന്ന 'വായു'  കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയേക്കും എന്ന മുന്നറിയിപ്പുമുണ്ട്. ഈ ഭാഗത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്ന ജോലി നടക്കുകയാണ്. 

പുല്ലു മേഞ്ഞ വീടുകൾ, ലോഹ മേൽക്കൂരകൾ എന്നിവ പറന്നു പോകാൻ സാധ്യതയുണ്ട്. റോഡുകൾ നശിപ്പിക്കപ്പെടാനും കൃഷി നാശമുണ്ടാനും ഇടയാക്കുന്നത് കൂടാതെ, വൈദ്യുതി, ആശയ വിനിമയ മാർഗങ്ങൾ എന്നിവയ്ക്കും തടസം നേരിടുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദേശീയ ദുരന്ത നിവാരണ സേന ഇന്ന് രാവിലെ മുതൽ ജംനാനഗറിൽ രക്ഷാപ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കരസേനാ, തീരദേശ സേന, ബി എസ്‌ എഫ് തുടങ്ങിയവയും രക്ഷാപ്രവർത്തനത്തിനുണ്ട്. 

700 കേന്ദ്രങ്ങളിലായി ഏതാണ്ട് 3 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കുന്ന ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്. വിനോദ സഞ്ചാരികളോട് സുരക്ഷിത ഭാഗങ്ങളിലേക്ക് പോകാൻ മുഖ്യമന്ത്രി വിജയ് രൂപാനി  ആവശ്യപ്പെട്ടിട്ടുണ്ട്. 

ഗോവയിലും കൊങ്കൺ മേഖലയിലും അതിശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നതിനാൽ ഇവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 

Latest News