Sorry, you need to enable JavaScript to visit this website.

ഉത്തരേന്ത്യ ഉരുകുന്നു, തുടരുമെന്ന് കാലാവസ്ഥാ വിദ്ഗദർ

ന്യൂദൽഹി- ഉത്തരേന്ത്യയിലെ ചൂടിന് ഇനിയും ശമനമായില്ല. വരും ദിവസങ്ങളിലും ദൽഹിയടക്കം 48 ഡിഗ്രി താപനിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. രാജസ്ഥാനിലും യു.പിയിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. യു.പിയിലെ ഝാൻസി, രാജസ്ഥാനിലെ ചുരു, ബിക്കാനിർ, ഹരിയാനയിലെ ഹിസാർ, ബിഭാനി, പഞ്ചാബിലെ പട്യാല, മധ്യപ്രദേശിലെ ഗ്വാളിയോർ എന്നിവടങ്ങളിലും കനത്ത ചൂടാണ്. ഈ മേഖലകളിലെ നദികളെല്ലാം വറ്റി വരണ്ടു. ദൽഹിയിലും കനത്ത ചൂട് തുടരുകയാണ്. 
ഇന്നലെ ചുട്ടു പൊള്ളുന്ന ചൂടിൽ ദൽഹിയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട കേരള എക്‌സ്പ്രസ് ട്രെയിനിൽ നാലു യാത്രക്കാർ മരിച്ചിരുന്നു. ഉത്തർപ്രദേശിലെ ഝാൻസിയിൽ വെച്ചായിരുന്നു മരണം. ഇന്നലെ ഝാൻസിയിൽ 48.1 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. ആഗ്രയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട യാത്രക്കാരാണ് മരിച്ച നാല് പേരും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുമെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചു.
 ബുന്ദൂർ പളനിസാമി, ബാലകൃഷ്ണ രാമസാമി, ധനലക്ഷ്മി, സുബ്ബരായ്യ എന്നിവരാണ് മരിച്ചത്.   വാരാണസിയും ആഗ്രയും സന്ദർശിക്കാനെത്തിയ 68 അംഗ സംഘത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ. ആഗ്ര കഴിഞ്ഞപ്പോൾ തന്നെ ഇവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടർന്ന് അബോധാവസ്ഥയിലായി. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളും പിന്നീട് മരണപ്പെടുകയായിരുന്നു. കേരള എക്‌സപ്രസിന്റെ എസ് - 8, എസ് -9 കോച്ചുകളിലെ യാത്രക്കാരായിരുന്നു ഇവർ. 
    ജൂൺ പകുതിയോട് അടക്കുമ്പോൾ കനത്ത ചൂടിൽ ഉരുകുകയാണ് രാജ്യതലസ്ഥാനം. ദൽഹിയിൽ റിക്കാർഡ് ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഇതാദ്യമായി ദൽഹിയിലെ പാലം വിമാനത്താവളത്തിന് സമീപം 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. അതേസമയം രാജസ്ഥാനാണ് ഇന്ത്യയിൽ ഏറ്റവും ചൂട് കൂടിയ നിലവിലെ സ്ഥലം. 51 ഡിഗ്രി സെൽഷ്യസ് വരെ രാജസ്ഥാനി ചുരു ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു.
    ഈ മാസം ഇത് നാലാം തവണയാണ് ചൂട് അൻപത് ഡിഗ്രി കടക്കുന്നത്. വരും ദിവസങ്ങളിലും ചൂട് തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഇതോടൊപ്പം ഉഷ്ണതരംഗത്തിൻറെ തീവ്രത ഇനിയും വർധിക്കാനും ഇടയുണ്ടെന്നാണ് കരുതുന്നത്. മൺസൂണിന് മുന്നോടിയായുള്ള പൊടിക്കാറ്റും രാജ്യത്തിൻറെ പടിഞ്ഞാറൻ ഭാഗങ്ങളിൽ രൂപപ്പെടാനിടയുണ്ട്. എന്നാൽ, ഇത് ചൂടിന് വലിയ രീതിയിൽ ശമനം ഉണ്ടാക്കില്ല.
 

Latest News