Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ലഗേജില്ലാത്ത ഹജ്'  പദ്ധതി വരുന്നു 

മക്ക - ആഭ്യന്തര ഹജ് തീർഥാടകരെ ലക്ഷ്യമിട്ട് 'ലഗേജില്ലാത്ത ഹജ്' എന്ന് പേരിട്ട പുതിയ പദ്ധതി നടപ്പാക്കുന്നതിന് ആഭ്യന്തര ഹജ് സർവീസ് കമ്പനി കോ-ഓർഡിനേഷൻ കൗൺസിലിന് നീക്കം. സൗദി പോസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ രണ്ടോ മൂന്നോ ആഭ്യന്തര സർവീസ് കമ്പനികളിൽ പദ്ധതി നടപ്പാക്കും. ഇതിനു ശേഷം പദ്ധതിയുടെ ഗുണവശങ്ങളും ദോഷവശങ്ങളും പഠിച്ച് പദ്ധതി വ്യാപകമാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. 
'ലഗേജില്ലാത്ത ഹജ്' പദ്ധതിയെന്ന ആശയം സൗദി പോസ്റ്റ് ആണ് ആഭ്യന്തര ഹജ് സർവീസ് കമ്പനി കോ-ഓർഡിനേഷൻ കൗൺസിലിനു മുന്നിൽ സമർപ്പിച്ചത്. വിവിധ പ്രവിശ്യകളിൽ ഹജ് തീർഥാടകരുടെ താമസ സ്ഥലങ്ങളിൽ നിന്ന് ലഗേജുകൾ സ്വീകരിച്ച് മക്കയിൽ ഹാജിമാരുടെ തമ്പുകളിൽ ലഗേജ് എത്തിക്കുകയും ഹജ് പൂർത്തിയായ ശേഷം തമ്പുകളിൽ നിന്ന് ലഗേജുകൾ സ്വീകരിച്ച് തീർഥാടകരുടെ വീടുകളിൽ തിരിച്ചെത്തിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. 
തീർഥാടന യാത്രയിൽ ലഗേജുകൾ കൈവശം വെക്കുന്നത് ഹാജിമാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തത്. ഈ വർഷത്തെ ഹജിന് പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് വിശദമായ ചർച്ചകൾ നടത്തുന്നതിന് ആഭ്യന്തര ഹജ് സർവീസ് കമ്പനി കോ-ഓർഡിനേഷൻ കൗൺസിൽ, സൗദി പോസ്റ്റ് പ്രതിനിധികളെ പങ്കെടുപ്പിച്ച് ഏതാനും ശിൽപശാലകൾ സംഘടിപ്പിച്ചിരുന്നു. 
ഹജിന് പുറപ്പെടുന്നതിനു മുമ്പായി വീട്ടിൽ നിന്ന് ലഗേജ് കൈമാറണമെന്ന് ആഗ്രഹിക്കുന്ന തീർഥാടകർ 100 റിയാൽ ഫീസ് നൽകേണ്ടിവരും. ദേശീയ അഡ്രസ് സേവനത്തിൽ രജിസ്റ്റർ ചെയ്ത വിലാസം അനുസരിച്ച തീർഥാടകരുടെ താമസ സ്ഥലങ്ങളിലേക്ക് സൗദി പോസ്റ്റ് ജീവനക്കാരെ അയച്ചാണ് ലഗേജുകൾ ശേഖരിക്കുക. ഇങ്ങനെ സ്വീകരിക്കുന്ന ലഗേജുകൾ പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ തമ്പുകളിൽ സൗദി പോസ്റ്റ് എത്തിച്ചുനൽകും. തങ്ങളുടെ പ്രവിശ്യകളിലെ സൗദി പോസ്റ്റ് ഓഫീസുകളിൽ തീർഥാടകർ ലഗേജ് എത്തിച്ചുനൽകുന്ന പക്ഷം ലഗേജുകൾ മിനായിലെ തമ്പിൽ എത്തിക്കുന്നതിന് സൗദി പോസ്റ്റിന് 70 റിയാലാണ് ഫീസ് നൽകേണ്ടിവരിക.
 

Latest News