മോസ്‌കോ- സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളിലേക്ക് റഷ്യന്‍ പടക്കപ്പലുകളില്‍നിന്ന് ആറ് കാലിബര്‍ ക്രൂസ് മിസൈലുകള്‍ തൊടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവിടെനിന്ന് രക്ഷപ്പെട്ട ഭീകരരെ പിന്നീട് വ്യോമാക്രമണത്തില്‍ വധിച്ചതായും പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കിഴക്കന്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിലെ റഷ്യന്‍ പടക്കപ്പലുകളായ അഡ്മിറല്‍ എസ്സെന്‍, അഡ്മിറല്‍ ഗ്രിഗ്രോവിച്ച്, അന്തര്‍വാഹനി ക്രാസ്‌നൊഡാര്‍ എന്നിവയില്‍നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. സിറിയന്‍ പ്രവിശ്യയായ ഹമായിലെ ഐ.എസ് കമാന്‍ഡ് കേന്ദ്രവും ആയുധ സംഭരണ ശാലകളും തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. അഖര്‍ബാത്ത് പട്ടണത്തിനു സമീപം ഐ.എസിന്റെ വന്‍ ആയുധ ശാല തകര്‍ന്നതായും പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ക്യാമറയില്‍ പകര്‍ത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ റഷ്യ പുറത്തുവിട്ടു. ആക്രമണത്തിനു മുമ്പ് സൈനിക ഹോട്ട് ലൈനിലൂടെ തുര്‍ക്കിക്കും ഇസ്രായിലിനും വിവരം നല്‍കിയിരുന്നു. ഉപരോധത്തിലായ റാഖയില്‍നിന്ന് തെക്കന്‍ ഇടനാഴി വഴി പല്‍മിറയിലേക്ക് രക്ഷപ്പെടാന്‍ ഐ.എസ് ഭീകരര്‍ പല തവണ ശ്രമിച്ചിരുന്നുവെന്ന് റഷ്യ വെളിപ്പെടുത്തി.






