ജിദ്ദ - മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് പൂർത്തിയാക്കിയ ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ ഇന്നു മുതൽ ഇരട്ട ട്രെയിൻ സർവീസുകൾ. ഒരേ ദിശയിൽ ഒരേ സമയം രണ്ടു ട്രെയിനുകൾ സർവീസ് നടത്തുന്ന സേവനം ഇന്നു മുതൽ ആരംഭിക്കുമെന്ന് ഹറമൈൻ ഹൈസ്പീഡ് റെയിൽവേ വൃത്തങ്ങൾ വെളിപ്പെടുത്തി. യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവ് കണക്കിലെടുത്ത് സീറ്റ് ശേഷി ഉയർത്തുന്നതിനു വേണ്ടിയാണ് ചില സർവീസുകൾ ഡബിൾ സർവീസുകളാക്കി മാറ്റുന്നത്.
ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ ട്രെയിൻ സർവീസുകളുള്ളത്. ഈ മാസം രാവിലെ 8, ഉച്ചക്ക് 12, വൈകിട്ട് 3.15, വൈകിട്ട് 6.15, രാത്രി 8 മണിക്കാണ് മക്കയിൽ നിന്ന് മദീനയിലേക്കും മദീനയിൽ നിന്ന് മക്കയിലേക്കും ട്രെയിൻ സർവീസുകളുള്ളത്. കഴിഞ്ഞ റമദാനിൽ ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ ട്രെയിൻ സർവീസുകളിൽ 1,16,000 പേർ യാത്ര ചെയ്തതായാണ് കണക്ക്. സർവീസുകളുടെ സമയനിഷ്ഠാ കൃത്യത 94 ശതമാനം പാലിക്കുന്നതിന് ഹറമൈൻ ഹൈസ്പീഡ് റെയിൽവേക്ക് സാധിച്ചിട്ടുണ്ട്.