Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഉറച്ചുതന്നെ; മുതിര്‍ന്ന നേതാക്കള്‍ പുതിയ നീക്കത്തില്‍

ന്യൂദല്‍ഹി-കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ മുതിര്‍ന്ന നേതാക്കളുടെ നീക്കം. ഇടക്കാല പ്രസിഡന്റിനെ നിയമിച്ച് പ്രതിസന്ധി തരണം ചെയ്യുന്നതിനെക്കുറിച്ചാണ് ചര്‍ച്ച. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണിയുമായി രാഹുല്‍ ഗാന്ധി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ.
ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു പടിയിറങ്ങുകയാണെന്നു പ്രഖ്യാപിച്ചത്. പ്രവര്‍ത്തക സമിതി ഈ തീരുമാനം തള്ളിയെങ്കിലും രാഹുല്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നു ഒരാളെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കണമെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചയില്‍ രാഹുല്‍ മുന്നോട്ടു വെച്ചിരുന്നു.
സുപ്രധാന പാര്‍ട്ടി തീരുമാനങ്ങളെടുക്കുന്നതിനായി മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കാനും ഈ സമിതിയുടെ അധ്യക്ഷനായി ഇടക്കാല പ്രസിഡന്റിനെ നിയമിക്കാനുമാണ് ആലോചന. പാര്‍ട്ടി ഭരണഘടനയില്‍ ഇതിന് വകുപ്പുണ്ടോ എന്നാണ് ഇപ്പോള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നത്.
അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനാല്‍ കോണ്‍ഗ്രസിന് ലോക്‌സഭ കക്ഷി നേതാവിനെയും തെരഞ്ഞെടുക്കേണ്ടതുണ്ട്. രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പാര്‍ട്ടിയെ നയിക്കണമെന്നും ആവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്.

 

Latest News