അരുണാചലില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ന്യൂദല്‍ഹി-അരുണാചല്‍ പ്രദേശില്‍  കാണാതായ വ്യോമസേനയുടെ  എഎന്‍ 32 ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഈ മാസം മൂന്നിനു കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചലിലെ ലിപോ മേഖലയിലാണ് കണ്ടെത്തിയത്. വ്യോമസേനാംഗങ്ങള്‍ ഈ പ്രദേശത്ത് കൂടുതല്‍ തിരച്ചിലുകള്‍ നടത്തി വരികയാണ്. വ്യോമ പാതയില്‍ നിന്ന് 1520 കിലോമീറ്റര്‍ വടക്ക് മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാണാതായവരില്‍ മൂന്നു മലയാളികളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അസമിലെ ജോര്‍ഹത് വ്യോമതാവളത്തില്‍ നിന്ന് അരുണാചലിലെ ഷി യോമി ജില്ലയിലുള്‍പ്പെട്ട മേചുകയിലേക്കു കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.27 നു പുറപ്പെട്ട വിമാനം ഒരു മണിയോടെയാണു കാണാതായത്. 13 പേരാണ്   വിമാനത്തിലുണ്ടായിരുന്നത്. ചൈന അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണു മേചുക താവളം.

ദുര്‍ഘട വനമേഖലയില്‍ തിരച്ചിലിനായി കരസേനയെയും ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെയും നിയോഗിച്ചിരുന്നു. ഷി യോമി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഗ്രാമീണരും തിരച്ചിലിനായി രംഗത്തെത്തിയിരുന്നു. വിമാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് വ്യോമസേന അഞ്ചു ലക്ഷം രൂപ പാരിതോഷിം  പ്രഖ്യാപിക്കുകയും ചെയ്തു.

 

Latest News