നിരത്തിൽനിന്ന് ആകാശത്തേക്ക് പറന്നുയരാൻ കഴിയുന്ന കാറുകൾ പുറത്തിറക്കാൻ നെതർലന്റ്‌സ് കേന്ദ്രമായി പ്രവർത്തിക്കുന്ന പിഎഎൽ-വി എന്ന സ്ഥാപനത്തിൽ ഒരുക്കങ്ങൾ തകൃതി. അടുത്ത വർഷം പറക്കും കാർ പുറത്തിറങ്ങും.
മൂന്നു ചക്രങ്ങളുള്ള ഗൈറോകോപ്റ്റർ പോലുള്ള വാഹനം ഇപ്പോൾ പരീക്ഷണ ഓട്ടപ്പറക്കലിലാണ്. രണ്ടു പേർക്ക് യാത്ര ചെയ്യാനാകുന്ന ആദ്യ വാഹനം 2018 അവസാനത്തോടെ ഉപഭോക്താവിന് കൈമാറാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
പേഴ്‌സണൽ എയർ ആന്റ് ലാൻഡ് വെഹിക്കിൾ എന്നതിന്റെ ചുരുക്കപ്പേരാണ് പിഎഎൽ-വി. ഈ വാഹനം ഓടിക്കുന്നതിന് ഉടമയ്ക്ക് ഡ്രൈവിങ് ലൈസൻസും പൈലറ്റ് ലൈസൻസും വേണം.
വിവിധ രാജ്യങ്ങളിൽ നിരവധി സ്ഥാപനങ്ങൾ പറക്കും കാർ സ്വപ്‌നം കണ്ട് ഗവേഷണ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ, ജപ്പാൻ, ചൈന, അമേരിക്ക എന്നിവിടങ്ങളിൽ പറക്കും കാറിന്റെ വിവിധ രൂപങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഒക്ടോബറിൽ ഉൽപാദനത്തിന്റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്ന പിഎഎൽ-വി വാണിജ്യാടിസ്ഥാനത്തിൽ വാഹനം പുറത്തിറക്കുന്ന ആദ്യ കമ്പനിയെന്ന പദവിയാണ് ലക്ഷ്യമിടുന്നത്.
ടാങ്ക് നിറച്ച് പെട്രോൾ അടിച്ചാൽ 400 മുതൽ 500 കിലോമീറ്റർ വരെ 3500 മീറ്റർ ഉയരത്തിൽ പറക്കാനാകും. റോഡിലാണെങ്കിൽ മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയിൽ ഓടിക്കാനും. 2019 ൽ നൂറോളം പറക്കുംകാർ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പറക്കും കാറിന്റെ ആദ്യ എഡിഷനായ പിഎഎൽ-വി ലിബർട്ടിക്ക് 4,99,000 യൂറോ വിലവരും. ഡോളർ കണക്കിൽ ഇത് 5,99,000 ആണ്. പിന്നാലെ കമ്പനി വിപണിയിലെത്തിക്കാൻ പദ്ധതിയിടുന്ന പിഎഎൽവി ലിബർട്ടി സ്‌പോർട്ടിന് വില കുറയും. 2,99,000 യൂറോ.
2007 ൽ റോബർട്ട് ഡിങ്കെമൻസും പൈലറ്റായ ജോൺ ബാക്കറും ചേർന്നാണ് പിഎഎൽ-വി സ്ഥാപിച്ചത്.






