തിരുവനന്തപുരം- കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികചൂഷണത്തിന് എതിരെ കേരള പോലീസിന് കീഴിലെ സൈബര്‍ ഡോമും രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളും നടപടികള്‍ ഊര്‍ജിതമാക്കാന്‍ ധാരണയായി. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലെ ക്യൂണ്‍സ്‌ലാന്റ് പോലീസ് സര്‍വീസിലെ സീനിയര്‍ ഡിറ്റക്ടീവ് ജോണ്‍ റോസും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മിസിങ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ (ഐസിഎംഇസി) ലാ എന്‍ഫോഴ്‌സ്‌മെന്റിലെ ട്രെയിനിങ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടറുമായ ഗുല്ലിര്‍മോ ഗലാര്‍സയും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, സൈബര്‍ ഡോം തലവന്‍ കൂടിയായ എ ഡി ജി പി മനോജ് ഏബ്രഹാം എന്നിവരുമായി കൂടിക്കാഴ്ച നടത്തി
ഇന്റര്‍പോളും ഐസിഎംഇസിയും കുട്ടികളുടെ ലൈംഗികചൂഷണത്തിന് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ലോകത്താകെ വിവിധ രാജ്യങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്. ആ കൂട്ടത്തില്‍ കേരള പോലീസിന് ലഭിച്ച സഹായം ഉപയോഗിച്ച് നടപ്പാക്കിയ ഓപ്പറേഷന്‍ പി ഹണ്ടിന്റെ വിജയത്തെ തുടര്‍ന്നാണ് ഇന്റര്‍പോള്‍ അധികൃതര്‍ കേരളത്തില്‍ നേരിട്ടെത്തി നടപടി ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യയിലെ വിവിധ സംസ്ഥാന പോലീസുമായും സര്‍ക്കാരിതര സംഘടനുകളുമായും ഇന്റര്‍പോള്‍ സഹകരണ സാധ്യതകള്‍ തേടിയതില്‍ കേരള പോലീസാണ് ഏറ്റവും മികച്ച പ്രതികരണം ഇന്റര്‍പോളിന് നല്‍കിയത്. പി ഹണ്ട് പ്രവര്‍ത്തനം ആരംഭിച്ചതിനെത്തുടര്‍ന്ന് കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമവും അവയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ദുരുപയോഗവുമായി ബന്ധമുള്ള 25 പേരെ കേരള പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്റര്‍പോള്‍ കൂടുതല്‍ സഹകരണത്തിനുള്ള താല്‍പര്യം അറിയിച്ചത്.
കുട്ടികളെ കാണാതാകുന്നതും ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദശലക്ഷക്കണക്കിന് റിപ്പോര്‍ട്ടുകളാണ് വര്‍ഷംതോറും ഇന്റര്‍പോള്‍ പുറത്തുവിടുന്നത്.
ഇതില്‍ കേരള പോലീസിന് സഹായകമാകാവുന്ന വിവരങ്ങള്‍ നേരിട്ട് ലഭ്യമാകുന്നതിന് ഈ സഹകരണം സഹായകമാകുമെന്നും ജോണ്‍ റോസ് പറഞ്ഞു. നിലവില്‍ നാഷണല്‍ െ്രെകം റെക്കോഡ്‌സ് ബ്യൂറോയില്‍നിന്നുള്ള വിവരങ്ങള്‍ മാത്രമാണ് കേരള പോലീസിന് ലഭിക്കുന്നത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികചൂഷണം തടയുന്നതിനുള്ള അന്വേഷണ വിഭാഗത്തിന് പ്രത്യേക ഓഫീസ് സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. കേരള പോലീസിന് ഇന്റര്‍പോളിന്റെ വിദഗ്ധരുടെ നേതൃത്വത്തില്‍ കൂടുതല്‍ പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.