ഗുവാഹതി- ജയില്‍ കവാടത്തിലൂടെ അകത്ത് കടന്നപ്പോള്‍ ഞാന്‍ വീണ്ടും വീണ്ടും പൊട്ടിക്കരഞ്ഞു. എന്തു തെറ്റാണ് ചെയ്തതെന്ന് ഞാന്‍ എന്നോടു തന്നെ ചോദിച്ചു.
അസമില്‍ വിദേശിയെന്ന് മുദ്രകുത്തി ജയിലിലടച്ച ഇന്ത്യന്‍ സൈന്യത്തിലെ മുന്‍ സുബേദാര്‍ മുഹമ്മദ് സനാഉല്ലയുടെ വാക്കുകളാണിത്. ഗോള്‍പാറയിലെ ജയിലില്‍നിന്ന് കഴിഞ്ഞ ദിവസം മോചിതനായെങ്കിലും അനധികൃത വിദേശിയാക്കി ജയിലിലടച്ച ആ ദിവസം (മേയ് 29) മൂന്ന് പതിറ്റാണ്ട് അതിര്‍ത്തിയില്‍ ഇന്ത്യയെ സേവിച്ച ഈ സൈനികന് ഒരിക്കലും മറക്കാനാകില്ല.
കശ്മീര്‍ കുപ്‌വാരയിലെ നിയന്ത്രണ രേഖയിലടക്കം മൂന്ന് പതിറ്റാണ്ട് മാതൃരാജ്യത്തിനുവേണ്ടി സേവനമനുഷ്ടിച്ച താന്‍ എന്തു തെറ്റാണ് ചെയ്തത്. വിദേശിയെ പോലെയാണ് എന്നെ ജയിലിലടച്ചത്- ഗുവാഹത്തിയിലെ സത്ഗാവിലെ വസതിയിലിരുന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകനോട് സനാഉല്ല തന്റെ സങ്കടം പങ്കുവെച്ചു. ഗുവാഹത്തി ഹൈക്കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ സാധിച്ചത്.
30 വര്‍ഷം ഞാന്‍ സൈന്യത്തില്‍ സേവനമനുഷ്ടിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ദല്‍ഹി, പഞ്ചാബ്, ജമ്മു കശ്മീര്‍, ആന്ധ്രപ്രദേശ്, അസം, മണിപ്പൂര്‍ ഇവിടങ്ങളിലെല്ലാം ഞാന്‍ സൈനികനായിരുന്നു. അതിര്‍ത്തിയില്‍ ധീരതയോടെ ഞാന്‍ എന്റെ രാജ്യത്തെ കാത്തു. ഞാന്‍ ഇന്ത്യക്കാരനാണ്. എന്റെ കാര്യത്തില്‍ നീതി നടപ്പിലാവുക തന്നെ ചെയ്യും- സനാഉല്ല പറഞ്ഞു.
സൈന്യത്തിന്റെ ഇലക്ട്രോണിക്‌സ് ആന്റ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സ് വിഭാഗത്തില്‍നിന്ന് 2017 ഓഗസ്റ്റിലാണ് 52 കാരനായ സനാഉല്ല സുബേദാറായി വിരമിച്ചത്. 1987 മേയ് 21-ന് സൈന്യത്തില്‍ ചേര്‍ന്ന ഇദ്ദേഹത്തിന് 2014 ല്‍ രാഷ്ട്രപതിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
സൈന്യത്തില്‍നിന്ന് വരമിച്ച ശേഷം അസം പോലീസിന്റെ അതിര്‍ത്തി വിഭാഗത്തില്‍ ചേര്‍ന്നു. കാംരൂപ് റൂറല്‍ എസ്.പിയായിട്ടായിരുന്നു നിയമനം. എന്നാല്‍ 2009 ല്‍ ഇദ്ദേഹം വിദേശിയാണെന്ന് ആരോപിച്ച് ജോലി ചെയ്തിരുന്ന അതിര്‍ത്തി വിഭാഗം തന്നെ കേസെടുത്തു.
ഫോറിനേഴ്‌സ് ട്രൈബ്യൂണലിന് കൈമാറിയ കേസില്‍ മേയ് 23 നായിരുന്നു വിദേശിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി. ആറു ദിവസത്തിനുശേഷം ഗോള്‍പാറ ജില്ലയിലെ തടവുകേന്ദ്രത്തില്‍ അടച്ചു. കുടുംബം ഹൈക്കോടതിയെ സമീപച്ചതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും എന്‍.ആര്‍.സി അധികൃതര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതി നോട്ടീസയച്ചിരിക്കയാണ്.