Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വേലക്കാരികളെ ഏറ്റെടുക്കുന്ന ചുമതല റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് നൽകുന്നു

റിയാദ് - വിദേശ രാജ്യങ്ങളിൽ നിന്ന് പുതിയ വിസകളിൽ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വേലക്കാരികളെ എയർപോർട്ടുകളിൽ നിന്ന് സ്വീകരിക്കുന്നതിന്റെയും താൽക്കാലിക താമസം നൽകുന്നതിന്റെയും ചുമതല അവരെ റിക്രൂട്ട് ചെയ്യുന്നതിന് മധ്യവർത്തികളായി പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കും കമ്പനികൾക്കും നൽകുന്നു. ജൂലൈ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. അടുത്ത മാസം ഒന്നു മുതൽ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ എയർപോർട്ടുകളിൽ നിന്ന് വേലക്കാരികളെ സ്വീകരിക്കലും അവർക്ക് താൽക്കാലിക താമസം നൽകലും നിർബന്ധമാണ്. 
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകളും കമ്പനികളും വിയോജിപ്പ് പ്രകടിപ്പിച്ചു. മനുഷ്യക്കടത്ത് കേസിൽ തങ്ങൾ നിയമ നടപടികൾ നേരിടുന്നതിന് പുതിയ തീരുമാനം ഇടയാക്കുമെന്ന് റിക്രൂട്ട്‌മെന്റ് കമ്പനികളുടെയും ഓഫീസുകളുടെയും ഉടമകൾ പറയുന്നു. റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ ഒരുക്കുന്ന താമസസ്ഥലങ്ങളിൽ നിന്ന് യഥാർഥ സ്‌പോൺസറല്ലാത്ത മറ്റാരെങ്കിലും സ്ഥാപന അധികൃതരെ കബളിപ്പിച്ചും മറ്റും ഗാർഹിക തൊഴിലാളികളെ സ്വീകരിക്കുന്ന പക്ഷം മനുഷ്യക്കടത്ത് കേസ് അനുസരിച്ച നിയമ നടപടികൾക്ക് വിധേയരാവുകയാകും ഫലം. കൂടാതെ വേലക്കാരികൾക്ക് താൽക്കാലിക താമസം നൽകുന്നതിന് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് ഈടാക്കാവുന്ന നിരക്ക് പ്രത്യേകം നിശ്ചയിച്ചിട്ടുമില്ല. ഇത് ഉപയോക്താക്കളുമായി നിരവധി പ്രശ്‌നങ്ങൾ ഉടലെടുക്കുന്നതിന് ഇടയാക്കും. 
റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ അഭയ കേന്ദ്രങ്ങളിൽ വേലക്കാർക്ക് താമസം നൽകേണ്ട കൂടിയ കാലം, വേലക്കാരികളെ സ്വീകരിക്കുന്നതിന് സ്‌പോൺസർമാർ എത്താത്ത പക്ഷം സ്വീകരിക്കേണ്ട നടപടികൾ, പ്രൊബേഷൻ കാലം അവസാനിച്ച ശേഷം തർക്കങ്ങളുടെ പേരിലും മറ്റും വേലക്കാരെ സ്‌പോൺസർമാർ റിക്രൂട്ട്‌മെന്റ് ഓഫീസുകളെ തിരിച്ചേൽപിക്കുന്ന പക്ഷം താമസസ്ഥലങ്ങൡ വീണ്ടും പ്രവേശിപ്പിക്കുന്നതിനു മുമ്പായി മെഡിക്കൽ നടത്തുന്നതിന്റെ ചെലവ് വഹിക്കൽ, ഇത്തരം സാഹചര്യങ്ങളിൽ അഭയ കേന്ദ്രങ്ങളിൽ താമസം നൽകേണ്ട കാലം, പ്രൊബേഷൻ കാലത്തിനു ശേഷം തൊഴിലുടമ ഇഖാമ നേടിക്കൊടുക്കാതിരിക്കൽ, റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കു കീഴിലെ താമസസ്ഥലങ്ങളിൽ കഴിയുന്ന കാലത്തെ ചികിത്സാ ചെലവ് എന്നിവയുമായി ബന്ധപ്പെട്ടും വ്യക്തമായ മാർഗനിർദേശങ്ങൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തയാറാക്കിയിട്ടില്ലെന്ന് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ പറയുന്നു. 
ഗാർഹിക തൊഴിലാളികളെ സ്വീകരിക്കുന്നതിന്റെയും താൽക്കാലിക അഭയം നൽകുന്നതിന്റെയും ചുമതല റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് നൽകുന്നതിന് ഗുണവശങ്ങളൊന്നുമില്ലെന്നും നിരവധി ദോഷങ്ങളുണ്ടെന്നും റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമകൾ പറയുന്നു. 
സ്‌പോൺസറല്ലാത്തവർ വേലക്കാരികളെ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ അഭയ കേന്ദ്രങ്ങളിൽ നിന്ന് സ്വീകരിക്കുന്നത് റിക്രൂട്ട്‌മെന്റ് ഓഫീസുകളെയും തൊഴിലുടമകളെയും നിയമ, ധന പ്രശ്‌നങ്ങളിൽ അകപ്പെടുത്തും. ഇത് സമയ നഷ്ടത്തിനും ആവശ്യമില്ലാത്ത കാര്യങ്ങളിൽ സർക്കാർ വകുപ്പുകൾക്ക് പണിയുണ്ടാക്കുന്നതിനും ഇടയാക്കും. 
വേലക്കാരികൾക്ക് അഭയം നൽകുന്നതിന്റെ ചുമതല റിക്രൂട്ട്‌മെന്റ് ഓഫീസുകളെയും കമ്പനികളെയും ഏൽപിക്കുന്നതു മൂലമുള്ള പലവിധ പ്രശ്‌നങ്ങൾ ആവർത്തിക്കുന്നത് സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് നിർത്തിവെക്കുന്നതിന് വിദേശങ്ങളിലെ റിക്രൂട്ട്‌മെന്റ് ഏജൻസികളെ പ്രേരിപ്പിക്കും. പ്രശ്‌നം കൂടുതൽ സങ്കീർണമാകുന്നതോടെ സൗദി അറേബ്യയുമായി ഒപ്പുവെച്ച റിക്രൂട്ട്‌മെന്റ് കരാറുകൾ വിദേശ രാജ്യങ്ങൾ മരവിപ്പിക്കും. നേരത്തെ ഇങ്ങനെ ഏതാനും രാജ്യങ്ങൾ റിക്രൂട്ട്‌മെന്റ് കരാറുകൾ മരവിപ്പിച്ചിരുന്നു. 
വേലക്കാരികളെ സ്വീകരിക്കുന്നതിന്റെയും താൽക്കാലിക അഭയം നൽകുന്നതിന്റെയും ചുമതല റിക്രൂട്ട്‌മെന്റ് ഓഫീസുകളെ ഏൽപിക്കുന്നത് റിക്രൂട്ട്‌മെന്റ് നിരക്കുകൾ ഉയരുന്നതിനും ഇടയാക്കും. സൗദി പൗരന്മാരുടെ മേലുള്ള ചെലവുകൾ കുറക്കുകയെന്ന വിഷൻ 2030 പദ്ധതി ലക്ഷ്യത്തിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ നീക്കത്തിനും വിരുദ്ധമാണിത്. 
റിക്രൂട്ട്‌മെന്റ് ഓഫീസും തൊഴിലുടമയും വേലക്കാരിയെ സ്വീകരിക്കുന്നതും സ്വീകരിക്കാതിരിക്കുന്നതും സ്ഥിരീകരിക്കുന്ന വ്യക്തമായ സംവിധാനമില്ലാത്തത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനും സുരക്ഷാ വകുപ്പുകൾക്കും കോടതികൾക്കും പിടിപ്പതു പണിയുണ്ടാക്കും. നാൽപതു വർഷമായി പിന്തുടരുന്ന രീതിയിൽ പെട്ടെന്ന് മാറ്റമുണ്ടാക്കുന്നത് അതിസാഹസികതയാണ്. 
റിക്രൂട്ട്‌മെന്റ് വിപണിയിൽ രൂക്ഷമായ പ്രതിസന്ധിയുണ്ടാക്കുന്നതിനും വേലക്കാരെ അയക്കുന്ന രാജ്യങ്ങളുമായി പ്രശ്‌നങ്ങൾ ഉടലെടുക്കുന്നതിനും ഇത് ഇടയാക്കും. 
എന്തെങ്കിലും കാരണത്താൽ വേലക്കാരികളെ എയർപോർട്ടുകളിൽനിന്ന് റിക്രൂട്ട്‌മെന്റ് ഓഫീസുകൾ സ്വീകരിക്കാത്ത സാഹചര്യങ്ങളിൽ വേലക്കാരി എവിടെയാണെന്നും ആരാണ് അവരെ സ്വീകരിച്ചതെന്നുമുള്ള പ്രശ്‌നങ്ങൾ ഉടലെടുക്കും. കൂടാതെ വിദേശ രാജ്യങ്ങളുടെ എംബസികളുമായും സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്ന വിദേശങ്ങളിലെ റിക്രൂട്ടിംഗ് ഏജൻസികളുമായും പ്രശ്‌നങ്ങൾ ഉടലെടുക്കുന്നതിനും ഇത് ഇടയാക്കും. റിക്രൂട്ട്‌മെന്റ് തടസ്സപ്പെടുന്നതിലേക്കാകും ഇത് നയിക്കുകയെന്നും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ പറയുന്നു.

 

Latest News