സാങ്കേതിക തകരാർ: റിയാദ്-കൊച്ചി  എയർ ഇന്ത്യ 30 മണിക്കൂറിലേറെ വൈകി

റിയാദ്- റിയാദിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം 30 മണിക്കൂറിലേറെ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഞായറാഴ്ച വൈകീട്ട് 3.45ന് റിയാദിൽനിന്ന് പോകേണ്ട എ.ഐ 924 വിമാനമാണ് ഒന്നര ദിവസത്തോളം വൈകിയത്. പല തവണ സമയം മാറ്റിയ ശേഷം ഏറ്റവുമൊടുവിൽ ഇന്നലെ രാത്രി എട്ടിന് വിമാനം പുറപ്പെടുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചെങ്കിലും അപ്പോഴും വിമാനം പുറപ്പെട്ടില്ല. സാങ്കേതിക തകരാറാണ് വിമാനം വൈകാൻ കാരണമെന്നും എൻജിനീയർമാർ പ്രശ്‌നം പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും അർധരാത്രി 12 മണിയോടെ വിമാനം പുറപ്പെടുമെന്നുമാണ് എയർ ഇന്ത്യ റീജണൽ മാനേജർ മാരിയപ്പൻ മലയാളം ന്യൂസിനോട് പറഞ്ഞത്. റിയാദിലെ ഹോട്ടലിൽ താമസിപ്പിച്ചിരുന്ന യാത്രക്കാരെ രാത്രി ഒമ്പതരയോടെ ബസിൽ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. അടിയന്തരമായി നാട്ടിലെത്തേണ്ട ആവശ്യങ്ങളുള്ളവരടക്കം നിരവധി യാത്രക്കാർ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
170 ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനം റൺവേയിൽ അൽപദൂരം സഞ്ചരിച്ച ശേഷം പെട്ടെന്ന് നിൽക്കുകയായിരുന്നുവെന്നാണ് യാത്രക്കാർ പറഞ്ഞത്. തുടർന്ന് എല്ലാവരെയും വിമാനത്തിൽ നിന്നിറക്കി നസീമിലെ ഹോട്ടലിലേക്ക് കൊണ്ടുപോയി. 
തകരാർ പരിഹരിച്ച് ഇന്നലെ രാവിലെ ഏഴു മണിക്ക് വിമാനം പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട് 11, മൂന്നു മണി എന്നിങ്ങനെ സമയം മാറ്റിപ്പറഞ്ഞതായി യാത്രക്കാർ പരാതിപ്പെട്ടു. വൈകുന്നേരത്തോടെയാണ് രാത്രി എട്ടു മണിക്ക് അതേ വിമാനത്തിൽ യാത്ര തുടരാനാവുമെന്ന് അറിയിപ്പ് ലഭിച്ചത്.
അമ്മയുടെ സംസ്‌കാര ചടങ്ങുകൾക്ക് കുടുംബ സമേതം യാത്ര തിരിച്ചതായിരുന്നു തിരുവല്ല സ്വദേശി സോജൻ ഫിലിപ്. രാത്രി 11.15ന് കൊച്ചിയിൽ എത്തുമെന്നതിനാൽ തിങ്കളാഴ്ച സംസ്‌കാര ചടങ്ങ് നിശ്ചയിക്കുകയും ചെയ്തു. എന്നാൽ വിമാനം അനിശ്ചിതമായി വൈകിയതോടെ ചടങ്ങുകൾ മാറ്റിവെച്ചിരിക്കുകയാണ്. ടിക്കറ്റിന് വൻ തുക നൽകിയാണ് വിമാനത്തിൽ സീറ്റ് തരപ്പെടുത്തിയതെന്നും ബാഗേജുകൾ തിരിച്ചു കിട്ടാത്തതിനാൽ മറ്റു മാർഗങ്ങൾ തേടാനാവുന്നില്ലെന്നും സോജൻ പറഞ്ഞു. ഗർഭിണികളും രോഗികളും പരീക്ഷയിൽ പങ്കെടുക്കാനുള്ള വിദ്യാർഥികളും യാത്രക്കാരിലുണ്ട്. 


 

Latest News