Sorry, you need to enable JavaScript to visit this website.

കാണാതായ ഇന്ത്യയുടെ വിമാനം  അന്യഗ്രഹ ജീവികള്‍ തട്ടിയെടുത്തോ? 

ന്യൂദല്‍ഹി- 13 പേരുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതെയായിട്ട് ഒരാഴ്ചയാകുന്നു. വ്യോമസേനയുടെ ഏഴ് ഓഫീസര്‍മാരും ആറ് സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആന്റോനോവ് എഎന്‍ 32 എന്ന വിമാനത്തിനെ കണ്ടെത്താനുളള അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ കാണാതായി ഏഴ് ദിവസമായിട്ടും വിമാനത്തെ കുറിച്ച് ഒരു സൂചന പോലും ഇതുവരെയും ലഭിച്ചിട്ടില്ല. വിമാനത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വ്യോമസേന പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ സീ ഹിന്ദുസ്ഥാന്‍ എന്ന ചാനല്‍ നടത്തിയ കണ്ടുപിടിത്തം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ചൈനാ അതിര്‍ത്തിക്ക് സമീപത്ത് അരുണാചല്‍ പ്രദേശില്‍ വെച്ചാണ് വ്യോമസേനയുടെ എഎന്‍ 32 എന്ന വിമാനം അപ്രത്യക്ഷമായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. വിമാനത്തിനും അതിനുളളിലെ യാത്രക്കാര്‍ക്കും എന്ത് സംഭവിച്ചുവെന്നോ വിമാനം എവിടെയെങ്കിലും തകര്‍ന്ന് വീണതാണോ എന്നുമുളള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. അതിനിടയ്ക്ക് കാണാതായ വിമാനത്തെ കുറിച്ചാണ് സീ ഹിന്ദുസ്ഥാനി ചാനല്‍ ചര്‍ച്ച ചെയ്തത്. വിമാനത്തെ അന്യഗ്രഹ ജീവികള്‍ തട്ടിയതായിരിക്കുമെന്ന ചാനലിന്റെ നിഗമനം സമൂഹ നിശിത വിമര്‍ശനത്തിനിടയായി. വ്യോമസേനയുടെ നേതൃത്വത്തില്‍ വ്യാപകമായ തിരച്ചിലാണ് നടക്കുന്നത്. ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങളും നാവിക സേനയുടെ ചാരവിമാനവും ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഒരു സൂചന പോലും വിമാനത്തിന് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് വ്യോമസേനയ്ക്ക് ലഭിച്ചിട്ടില്ല. അതിനിടെയാണ് ദേശീയ ചാനലിന്റെ വിചിത്ര കണ്ടെത്തല്‍.

Latest News