തൊപ്പിയും തലപ്പാവുമായി യു.എസ്  വ്യോമസേനയില്‍ ജോലി ചെയ്യാം

ന്യൂയോര്‍ക്ക്- ജോലിക്കിടെ തലപ്പാവ് ധരിക്കാനും താടി വളര്‍ത്താനും സിഖ് വംശജന് അനുമതി നല്‍കി യുഎസ് വ്യോമസേന. ചരിത്രത്തില്‍ ആദ്യമായാണ് സിഖ് വൈമാനികന് തലപ്പാവ് ധരിക്കാനും താടി വളര്‍ത്താനും യുഎസ് അനുമതി നല്‍കുന്നത്. ലേക് വുഡ് മേക്കൊര്‍ഡ് വ്യോമസേന താവളത്തിലെ ക്രൂ ചീഫായ ഹര്‍പ്രീതിന്ദര്‍ സിംഗ് ബജ്വയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ആറു മാസം നീണ്ട നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് തലപ്പാവ് ധരിക്കാനും താടി വളര്‍ത്താനും അനുമതി ലഭിച്ചത്. സിഖ് അമേരിക്കന്‍ വെറ്ററന്‍സ് അലയന്‍സ്, അമേരിക്കന്‍ സിവില്‍ ലിബേര്‍ട്ടീസ് യൂണിയന്‍ എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നാണ് യുഎസ് തീരുമാനം. 
2017ല്‍ വ്യോമസേനയില്‍ ചേര്‍ന്ന ബജ്വ ഇത്തരത്തിലൊരു അനുമതി നേടുന്ന ആദ്യ വൈമാനികനാണ്. സൈനിക ക്യാമ്പിലെ കര്‍ശന നിയമങ്ങളും ഡ്രസ്സ് കോഡുകളും പ്രകാരം തലപ്പാവ് ധരിക്കാനോ താടിയും മുടിയും വളര്‍ത്താനോ അനുമതി ഉണ്ടായിരുന്നില്ല.
യുഎസിന്റെ നടപടിയില്‍ സന്തോഷമുണ്ടെന്നും സിഖ് നിയമങ്ങള്‍ തുടരാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ബജ്വ പറയുന്നു.എല്ലാ സമുദായത്തില്‍ പെട്ടവരുടെയും അവകാശങ്ങളും നീതിയും നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് യുഎസ് വ്യോമസേന വക്താവ് മേജര്‍ നിക്കോളാസ് മെര്‍ക്കുറിയോ വ്യക്തമാക്കി. 

Latest News