കാസര്‍കോട്- ഗള്‍ഫില്‍ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ യുവാവിനെ ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി. പോലീസ് തിരച്ചില്‍ തുടങ്ങിയതോടെ തടങ്കലില്‍ പാര്‍പ്പിച്ചു ക്രൂരമായി മര്‍ദിച്ച ശേഷം യുവാവിനെ സീതാംഗോളിയില്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. സംഭവത്തില്‍ അബ്ദു, നവാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഉളിയത്തടുക്ക പുളിക്കൂര്‍ സ്വദേശി മുഹമ്മദ് സഹദിനെയാണ് (30) കാറില്‍ കയറ്റി കര്‍ണാടക ഉഡുപ്പിയിലേക്ക് തട്ടികൊണ്ടുപോയത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. വൈകിട്ടാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഘം ഉഡുപ്പിയില്‍ ആണെന്ന് കണ്ടെത്തി. പോലീസ് പിന്തുടരുന്നത് അറിഞ്ഞ സംഘം കാറില്‍ കൊണ്ടുവന്ന സഹദിനെ സീതാംഗോളിയില്‍ തള്ളി രക്ഷപ്പെടുകയായിരുന്നു.
യുവാവിന്റെ പരാതിയില്‍ അബ്ദു, മകന്‍ ലുക്മാന്‍, നവാസ് എന്നിവരുടെ പേരില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ സഹദിനെ ചെങ്കള സഹകരണ ആശുപത്രീയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കഴിയുന്ന സഹദില്‍ നിന്ന് പോലീസ് മൊഴിയെടുത്തു.
മക്കളും ബന്ധുക്കളും കൊലയാളികളാകുന്നത് തടയുന്നതിന് വേണ്ടി താന്‍ എത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് അബ്ദു പോലീസിനോട് പറഞ്ഞത്. എന്നാല്‍ അബ്ദു അടക്കമുള്ളവര്‍ ആണ് തട്ടിക്കൊണ്ടുപോയത് എന്നാണ് സഹദ് പോലീസിനോട് പറഞ്ഞത്. മയക്കുമരുന്ന് കടത്ത്, സ്വര്‍ണ്ണക്കടത്ത് തുടങ്ങിയ സംഭവങ്ങളിലെല്ലാം ഉള്‍പ്പെട്ടിട്ടുള്ള ഗുണ്ടാസംഘങ്ങളെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.