Sorry, you need to enable JavaScript to visit this website.

റിയാദിലെ ഊടുവഴികളിലൂടെയും ബസുകള്‍, ആയിരം ബസുകൾ നിരത്തിലേക്ക്

റിയാദ് - കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ആയിരം ബസുകളുൾക്കൊള്ളുന്ന റിയാദ് ബസ് സർവീസ് ഈ വർഷാവസാനത്തോടെ പ്രവർത്തനസജ്ജമാകും. ഇതു സംബന്ധിച്ച് റിയാദ് വികസന സമിതിയുടെ നിർദേശം പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങൾ ഏറെക്കുറെ പൂർത്തിയായതിനാൽ ഈ വർഷത്തിന്റെ നാലാം പാദത്തിൽ സർവീസ് തുടങ്ങാനാവുമെന്നും സാപ്റ്റ്‌കോ അറിയിച്ചു.
പദ്ധതിയുടെ സാമ്പത്തിക ബാധ്യത കൃത്യമായി നിശ്ചയിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവരുമായി സഹകരിച്ച് ആവശ്യമായ നടപടികൾ പഠിച്ചുവരികയാണെന്നും സാപ്റ്റ്‌കോ വക്താവ് പറഞ്ഞു. 2015 ൽ റിയാദ് വികസന സമിതിയുമായി ആയിരം ബസുകളുൾക്കൊള്ളുന്ന ബസ് സർവീസ് പദ്ധതിക്ക് സാപ്റ്റ്‌കോയും ഫ്രാൻസിലെ ആർ.എ.ടി.പി കമ്പനിയും 7.86 ബില്യൻ റിയാലിന്റെ കരാർ ഒപ്പുവെച്ചിരുന്നു. കരാർ പ്രകാരം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് രണ്ട് വർഷവും, സർവീസിന് പത്ത് വർഷവുമാണ് നിശ്ചയിച്ചിട്ടുള്ളത്. ജർമനിയിലെ മെർസിഡസ്, മാൻ കമ്പനികളാണ് ബസ് പദ്ധതി കരാറേറ്റെടുത്തിരിക്കുന്നത്. 319 ബസുകൾ ഇതിനകം റിയാദിലെ കമ്പനി ആസ്ഥാനത്തെത്തി. മറ്റുള്ളവ അടുത്ത മാസങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷ.
ബസ് സർവീസിന് 1200 കിലോമീറ്റർ നീളത്തിൽ 22 പാതകളിലായി 6,760 സ്റ്റേഷനുകളാണ് സജ്ജീകരിച്ചുവരുന്നത്. നാല് പ്രധാന സ്റ്റേഷനുകളോട് ചേർന്ന് 600 ഓളം കാറുകൾക്ക് പാർക്കിംഗ് സൗകര്യവും ബസ് റിപ്പയറിംഗ് കേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്. ഇത്തരം സ്റ്റേഷനുകളിൽ ടിക്കറ്റ് കൗണ്ടർ, ശീതീകരിച്ച വെയ്റ്റിംഗ് റൂം, ബസ് സമയപട്ടിക തുടങ്ങിയ സജ്ജീകരിക്കും. മിക്കയിടത്തും ബസ് സ്റ്റേഷനിലേക്ക് മേൽപാലസൗകര്യമുണ്ടാകും. പ്രിൻസ് നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്‌സിറ്റിയോട് ചേർന്നാണ് ബസ് പദ്ധതിയുടെ ആസ്ഥാനം നിർമിക്കുന്നത്. 
അൽഖർജ് റോഡിൽനിന്ന് സലാഹുദ്ദീൻ അയ്യൂബി റോഡ് വരെ 42 കി.മീ, ദീറാബ് റോഡിൽ 23.5 കി.മീ, ഖാലിദ് ബിൻ വലീദ് റോഡ് മുതൽ ഖുറൈസ് റോഡ് വരെ 12 കി.മീ എന്നിവിടങ്ങളിൽ ബസുകൾക്ക് മാത്രമായി ഒരുക്കുന്ന ഡെഡിക്കേറ്റഡ് പാതയിൽ 18 മീറ്റർ നീളമുള്ള ബസുകളാണ് ഓടുക. ഈ പാതകളിൽ 103 സ്റ്റേഷനുകളുണ്ട്. അൽഇമാം സൗദ് റോഡ് മുതൽ കിംഗ് അബ്ദുൽ അസീസ് റോഡ് വരെ 37.4 കി.മീ, ഖാലിദ് ബിൻ വലീദ് റോഡ് മുതൽ ഇമാം ശാഫിഈ റോഡ് വരെ 45.8 കി.മീ എന്നീ റൂട്ടുകളിൽ 12 മീറ്റർ നീളമുള്ള ചെയിൻ ബസുകളാണ് ഓടുക. 83 കിലോമീറ്റർ ദൂരപരിധിയുള്ള ഈ പാതയിൽ 67 സ്റ്റേഷനുകളുണ്ടാവും. തഖസ്സുസി, അൽഅറൂബ, അബൂബക്കർ സിദ്ദീഖ് റോഡ്, ഉമർ ബിൻ അബ്ദുൽ അസീസ് റോഡ്, ഉസ്മാൻ ബിൻ അഫ്ഫാൻ റോഡ്, ഹാറൂൻ റശീദ് റോഡ് തുടങ്ങിയ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന 444 കി.മീ പരിധിയിൽ ഓർഡിനറി ബസുകളാണ് ഓടുന്നത്. റസിഡൻഷ്യൽ ഏരിയയുമായി ബന്ധിപ്പിക്കുന്ന 600 കി.മീ പാതയാണ് നാലാമത്തെ ഘട്ടം. ഈ പാതയിൽ ഇടത്തരം ബസുകളായിരിക്കും സർവീസ് നടത്തുക. തുടക്കത്തിൽ പ്രതിദിനം അഞ്ച് ലക്ഷം പേർക്കും പിന്നീട് ഒമ്പത് ലക്ഷം പേർക്കും പദ്ധതി പ്രയോജനപ്പെടുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
 

Latest News