Sorry, you need to enable JavaScript to visit this website.

സൗദിയിൽ ശനിയാഴ്ച മുതൽ  മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിൽ

റിയാദ്- ചൂടിന്റെ കാഠിന്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ സൗദിയിൽ അടുത്ത ശനിയാഴ്ച മുതൽ മധ്യാഹ്ന വിശ്രമ നിയമം നിർബന്ധമാക്കി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഉത്തരവിറക്കി. ഇതനുസരിച്ച്, ഉച്ചക്ക് 12 മുതൽ മൂന്ന് മണി വരെ മൂന്ന് മണിക്കൂർ സമയം തൊഴിലാളികളെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നത് സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അനുവദനീയമല്ല. സെപ്റ്റംബർ 15 വരെ വിലക്ക് തുടരുമെന്നും മന്ത്രാലയം നിർദേശത്തിൽ വ്യക്തമാക്കി. 
തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും മുൻനിർത്തിയാണ് നിയമം ബാധകമാക്കുന്നത്. സൂര്യാഘാതമോ ഉഷ്ണ സംബന്ധമായുള്ള അസുഖങ്ങളോ ബാധിക്കാതിരിക്കാൻ ഉച്ച വിശ്രമം അനിവാര്യമാണ്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ മേൽസമയത്ത് തൊഴിലാളികളെ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ മുന്നറിയിപ്പ് നൽകി. അതേസമയം, ഗ്യാസ്, ഓയിൽ കമ്പനികളിലെ ജീവനക്കാർക്കും അടിയന്തര ഘട്ടങ്ങളിൽ അറ്റകുറ്റപ്പണി ചെയ്യുന്നവർക്കും നിയമം ബാധകമല്ല. എന്നാൽ അവർ 
സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് തൊഴിലുടമകൾ ഉറപ്പു വരുത്തണം. താരതമ്യേന ചൂട് കുറഞ്ഞ മേഖലകളിൽ മധ്യാഹ്ന വിശ്രമ നിയമം നിർബന്ധമാക്കില്ലെന്നും തൊഴിൽ മന്ത്രാലയ വക്താവ് സൂചിപ്പിച്ചു. ഗവർണറേറ്റുകളുമായി ബന്ധപ്പെട്ടാണ് പ്രവിശ്യാ തൊഴിൽ മന്ത്രാലയ ഓഫീസുകൾ നിയമം പ്രാബല്യത്തിൽ വരുത്തുക. നിയമലംഘനം നിരീക്ഷിക്കാൻ പ്രത്യേകം സമിതിയെ നിയോഗിക്കും. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്നതായി കാണപ്പെടുന്നുവെങ്കിൽ ടോൾ ഫ്രീ നമ്പറായ 19911 ൽ വിളിച്ചറിയിക്കണമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
 

Latest News