എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഭോപാൽ- എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. ചേരിയിൽ താമസിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസം കടയിലേക്ക് പോകുന്നതിനിടെ കാണാതായിരുന്നു. ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പെൺകുട്ടിയെ പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പെൺകുട്ടിയുടെ കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു. പെൺകുട്ടിയെ കാണാതായ ഉടൻ പരാതി നൽകിയിരുന്നെങ്കിലും പോലീസ് അവഗണിച്ചുവെന്ന് കുടുംബം ആരോപിച്ചു. പെൺകുട്ടിയെ കാണാതായെന്ന പരാതി സ്വീകരിച്ച ശേഷം വീട്ടിലെത്തിയ പോലീസ് വെള്ളവും ഗുട്കയും ചോദിച്ചുവെന്നും വിഷമിക്കേണ്ടെന്ന് പറഞ്ഞ് തിരിച്ചുപോകുകയുമായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. കുട്ടി എവിടെയെങ്കിലും ഉറങ്ങുന്നുണ്ടാകുമെന്നും തങ്ങളോടും ഉറങ്ങാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു. രാവിലെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. 
കുടുംബത്തിന്റെ പരാതിയിൽ കാര്യമായ നടപടി സ്വീകരിക്കാത്ത പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. മനുഷ്യത്വം ലജ്ജിക്കുന്നുവെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഉത്തർ പ്രദേശിലെ അലീഗഢിൽ രണ്ടു വയസ്സുകാരി ക്രൂരമായി കൊലപ്പെട്ടതിനെതിരെ ദേശവ്യാപകമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് മധ്യപ്രദേശിൽനിന്ന് സമാനമായ സംഭവമുണ്ടായിരിക്കുന്നത്. പതിനായിരം രൂപക്കു വേണ്ടിയുള്ള തർക്കത്തിനൊടുവിലാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ മൃതദേഹം പിന്നീട് മാലിന്യക്കൊട്ടയിൽനിന്ന് കണ്ടെത്തുകയായിരുന്നു.
 

Latest News