തമിഴ്‌നാട്ടില്‍ ആഡംബര വീടുകള്‍; കേരളത്തില്‍ മോഷണം തൊഴില്‍

കാസര്‍കോട്- മാലമോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശിനികള്‍ക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ ത്രിഭുവനയില്‍ ജ്യോതി(48), ജയന്തി(43) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഇതോടെ ഇവര്‍ വിചാരണ പൂര്‍ത്തിയാകുന്നതുവരെ ജയിലില്‍ കഴിയേണ്ടിവരും.
കാസര്‍കോട് ജില്ലക്കകത്തും പുറത്തും നിരവധി മോഷണങ്ങള്‍ ജ്യോതിയും ജയന്തിയും നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. തമിഴ് സ്ത്രീകളുടെ ജീവിത പശ്ചാത്തലം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയപ്പോള്‍ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. രണ്ടുപേര്‍ക്കും ആഡംബര വീടുകളുള്ളതായും മക്കള്‍ കൊടൈക്കനാലിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്നതായും കണ്ടെത്തി.
കാഞ്ഞങ്ങാട് കുന്നുമ്മല്‍ ക്ഷേത്രപരിസരത്ത് നിന്ന് വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന കേസിലാണ് ജ്യോതിയെയും ജയന്തിയെയും കഴിഞ്ഞ ഏപ്രില്‍ 27ന്  ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുസ്ത്രീകളെയും പോലീസ് ചോദ്യം ചെയ്തപ്പോള്‍ അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കേളോത്ത് ശ്രീ ഭദ്രകാളിക്കാവ് പരിസരത്ത് നിന്ന് മറ്റൊരു വീട്ടമ്മയുടെ സ്വര്‍ണമാലയും ഇവര്‍ കവര്‍ന്നതായി വ്യക്തമായി. ഹൊസ്ദുര്‍ഗിലെ കേസില്‍ റിമാന്‍ഡിലായിരുന്ന സ്ത്രീകളെ അമ്പലത്തറ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.  

 

Latest News