ലണ്ടന്‍-അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ബന്ധമായും കണ്‍ജഷന്‍ ചാര്‍ജ് നല്‍കണമെന്ന് നോട്ടീസ് നല്‍കി ലണ്ടന്‍ മേയര്‍ വിവാദത്തില്‍. അമേരിക്കന്‍ പ്രസിഡന്റായാല്‍ പോലും അതില്‍ ഇളവില്ലെന്ന കടുത്ത നിലപാടെടുത്തിരിക്കുകയാണ് ലണ്ടന്‍ മേയറായ സാദിഖ് ഖാന്‍. നാളിതുവരെ യുഎസ് എംബസി 12.4 മില്യണ്‍ പൗണ്ടിന്റെ കണ്‍ജഷന്‍ ചാര്‍ജ് അടക്കാതെ അവശേഷിപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്തക്ക് പിന്നാലെയാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ ട്രംപിനോട് ഈ ചാര്‍ജ് അടക്കാന്‍ നോട്ടീസ് ഇഷ്യൂ ചെയ്തിരിക്കുന്നത്. ഡിപ്ലോമാറ്റുകള്‍ ഇത്തരം ഡയറക്ട് ടാക്‌സുകള്‍ അടക്കേണ്ടതില്ലെന്ന ന്യായം പറഞ്ഞ് അമേരിക്ക ഖാന്റെ ആവശ്യത്തെ തള്ളിക്കളഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കണ്‍ജഷന്‍ ചാര്‍ജ് സര്‍വീസിനായി ഈടാക്കുന്നതാണെന്നും അതൊരിക്കലും ഒരു ടാക്‌സല്ലെന്നും അതിനാല്‍ ഏവരും ഇത് അടക്കാന്‍ ബാധ്യസ്ഥരാണെന്നുമാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടനിലെ പോള്‍ കൗപെര്‍ത് വെയ്റ്റ് പ്രതികരിച്ചത്. അതിനാല്‍ വിദേശത്ത് നിന്നുമെത്തുന്ന ഡിപ്ലോമാറ്റുകള്‍ക്ക് ഇതില്‍ ഇളവില്ലെന്നും അദ്ദേഹം ട്രംപിനെ ഓര്‍മിപ്പിക്കുന്നു.
രണ്ട് ആര്‍മര്‍ പ്ലേറ്റഡ് കാഡില്ലാക് ലിമോസിനുകള്‍, ട്രംപിന്റെ സെക്യൂരിറ്റി ടീമുകളെ വഹിച്ച് കൊണ്ടുള്ള മൂന്ന് ഷെവര്‍ലെ എസ് യുവികള്‍, രണ്ട് ഫോര്‍ഡ് ട്രക്കുകള്‍ എന്നിവയായിരുന്നു ട്രംപിന്റെ വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. എന്നാല്‍ ട്രംപ് ലണ്ടനിലെ അള്‍ട്രാ ലോ എമിഷന്‍ സോണ്‍ ചാര്‍ജ് അടക്കേണ്ടതില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദി ബീസ്റ്റ് എന്നറിയപ്പെടുന്ന ട്രംപിന്റെ 1.8 മില്യണ്‍ ഡോളര്‍ വില വരുന്ന ആര്‍മര്‍പ്ലേറ്റഡ് ലിമൗസിനും അകമ്പടിയായി 20 ശക്തമായ വാഹനങ്ങളും സന്ദര്‍ശനത്തിന്റെ ഭാഗമായി ലണ്ടന്‍ തെരുവുകളിലൂടെ നിരവധി തവണ കടന്ന് പോയിട്ടുണ്ടെന്നും അതിനാല്‍ അവ കണ്‍ജഷന്‍ ചാര്‍ജടക്കാന്‍ ബാധ്യസ്ഥമാണെന്നുമാണ് ഖാന്‍ ഉത്തരവിട്ടിരിക്കുന്നത്.