സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ അനുമതി വേണ്ട- ഹൈക്കോടതി

കൊച്ചി- സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി. വീടുകളിലെ പരിപാടികളില്‍ മദ്യം ഉപയോഗിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുത്. എന്നാല്‍ ഇവിടെ ഒരു തരത്തിലുമുള്ള വില്‍പനയും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ ലൈസന്‍സ് ആവശ്യമാണ്. സ്വകാര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കൊട്ടമം സ്വദേശിയായ ഒരാള്‍ വീട്ടിലെ സ്വകാര്യ ചടങ്ങിന് മദ്യം വിളമ്പാന്‍ അനുമതി തേടി എക്‌സൈസിനെ സമീപിച്ചെങ്കിലും ലൈസന്‍സ് നല്‍കിയില്ല. ഇതോടെ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. വീടുകളിലെ സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പുന്നതിന് നിലവില്‍ എക്‌സൈസ് താല്‍ക്കാലിക ലൈസന്‍സ് നല്‍കാറുണ്ട്. ഇത്തരം ലൈസന്‍സ് നേടുന്നവര്‍ക്ക് 16 ലിറ്റര്‍ മദ്യംവരെ സൂക്ഷിക്കാമെന്ന ചട്ടം നിലവിലുള്ളപ്പോള്‍ എക്‌സൈസ് എന്തിനാണ് ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നതെന്ന് കോടതി ചോദിച്ചു.

Latest News