Sorry, you need to enable JavaScript to visit this website.

ബംഗാളിൽ തൃണമൂൽ-ബി.ജെ.പി സംഘർഷം, മൂന്നു പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത- ബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി സംഘർഷത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നോർത്ത് 24 പർഗാനയിൽ ശനിയാഴ്ച വൈകിട്ടാണ് അക്രമണമുണ്ടായത്. തൃണമൂൽ പ്രവർത്തകൻ ഖയ്യൂം മൊല്ല, ബി.ജെ.പി പ്രവർത്തകരായ പ്രദീപ് മൊണ്ഡൽ, സുകന്ത മൊണ്ഡൽ എന്നിവരാണ് കൊല്ലപ്പെട്ടത്. പൊതുസ്ഥലത്ത് പാർട്ടി പതാകകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. ഇരുപത്തിയാറുകാരനായ ഖയ്യൂം മൊല്ല വെടിയേറ്റാണ് കൊല്ലപ്പെട്ടത്. അതേസമയം അഞ്ചു പേരെ കാണാതായെന്ന് ബി.ജെ.പി ആരോപിച്ചു. തൃണമൂൽ പ്രവർത്തകർ വെടിവെക്കുകയായിരുന്നുവെന്നാണ് ബി.ജെ.പി ആരോപണം. കൊൽക്കത്തയിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള ന്യായ്ജതിലെ സന്ദേശ്ഖലി മേഖലയിലാണ് സംഘർഷമുണ്ടായത്. പ്രദേശത്ത് വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ബാഷിർഹട്ട് ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്ഥലമാണിത്. ഇവിടെ തൃണമൂൽ സ്ഥാനാർത്ഥിയാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ സംഘർഷമുണ്ടായ സ്ഥലത്തെ ബൂത്തിൽ 144 വോട്ടിന് ബി.ജെ.പി മുന്നിൽനിന്നിരുന്നു. അക്രമത്തിന് പിന്നിൽ മമത ബാനർജിയാണെന്ന് ബി.ജെ.പി നേതാവ് മുകുൾ റോയ് ആരോപിച്ചു. നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സമീപിക്കുമെന്നും മുകുൾ റോയ് വ്യക്തമാക്കി.സംഭവത്തെ പറ്റി അമിത് ഷാ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇവിടെ ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒരു സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഞായറാഴ്ച പോലീസ് സ്‌റ്റേഷൻ മാർച്ചിന് സി.പി.എം പദ്ധതിയിട്ടിരുന്നു.
 

Latest News