Sorry, you need to enable JavaScript to visit this website.

ആളു മാറി ചെക്ക് ബുക്ക് കിട്ടി; അയല്‍ക്കാരി അടിച്ചുമാറ്റിയത് മൂന്നരലക്ഷം

ന്യൂദല്‍ഹി- ബാങ്ക് അക്കൗണ്ടില്‍നിന്ന് 3.6 ലക്ഷം രൂപ നഷ്ടപ്പെട്ട കേസില്‍ പോലീസ് അക്കൗണ്ട് ഉടമയുടെ അയല്‍ക്കാരിയെ അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ക്കും ഒരേ പേരായതും സാമ്യതയുള്ള ഒപ്പിടാന്‍ സാധിച്ചതുമാണ് 49 കാരിക്ക് തട്ടിപ്പ് നടത്താന്‍ സാധിച്ചതെന്ന് പോലീസ് പറഞ്ഞു.

ദല്‍ഹിയിലെ ദ്വാരകയില്‍ രണ്ട് സ്ത്രീകളുടേയും വീടുകള്‍ സമീപത്താണ്. പോസ്റ്റ് മാന്‍ പേരിലെ സാമ്യം കാരണം ചെക്ക് ബുക്ക് മാറി എത്തിച്ചതോടെയാണ് തട്ടിപ്പുകളുടെ തുടക്കം. ആളു മാറിക്കിട്ടിയ ചെക്ക് ബുക്ക് ബാങ്കില്‍ തിരികെ ഏല്‍പിക്കുന്നതിനു പകരം തട്ടിപ്പു നടത്താനുള്ള വഴികള്‍ അന്വേഷിക്കുകയായിരുന്നു 49 കാരി. അയല്‍ക്കാരിയുടെ ഒപ്പ് കണ്ടു പരിചയമുള്ള ഇവര്‍ പിന്നീട് ബാങ്കില്‍നിന്ന് എ.ടി.എം കാര്‍ഡും സ്വന്തമാക്കി.

ആദ്യം അരലക്ഷം രൂപയാണ് പിന്‍വലിച്ചത്. ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നാത്തതിനാല്‍ ഇടപാട് തുടര്‍ന്നു. എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 15,000 രൂപയുടെ ഷോപ്പിംഗ് നടത്തിയതായും പോലീസ് പറഞ്ഞു.
പ്രതിയുടെ വീട്ടിലെത്തിയ പോലീസ് 3,62,000 രൂപയും ചെക്ക് ബുക്കും എ.ടി.എം കാര്‍ഡും കണ്ടെടുത്തു. ചെക്ക് ബുക്കിന് അപേക്ഷിച്ചെങ്കിലും ലഭിക്കാതായ അക്കൗണ്ട് ഉടമ വീട് റിപ്പയറിംഗ് ആവശ്യത്തിനായി പണം പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് അറിഞ്ഞതെന്ന് ദ്വാരക ഡി.സി.പി ആന്റോ അല്‍ഫോന്‍സ് പറഞ്ഞു.

 

Latest News