Sorry, you need to enable JavaScript to visit this website.

എണ്ണക്കപ്പൽ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ -അൽമുഅല്ലിമി

റിയാദ്- കഴിഞ്ഞ മാസം പന്ത്രണ്ടിന് യു.എ.ഇ തീരത്ത് നാലു എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് സ്ഥിരീകരിക്കുന്ന മതിയായ തെളിവുകളുണ്ടെന്ന് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു. ലോകത്ത് ഭീകരത സ്‌പോൺസർ ചെയ്യുകയും വിനാശവും അരാജകത്വവും വ്യാപിപ്പിക്കുകയും ചെയ്യുന്ന ഇറാന്റെ പ്രവർത്തന ശൈലിക്ക് സദൃശമായ ആക്രമണമാണ് എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായത്.
അന്വേഷണ റിപ്പോർട്ട് യു.എൻ രക്ഷാ സമിതി അംഗങ്ങൾക്ക് കൈമാറിയ ശേഷം യു.എന്നിലെ യു.എ.ഇ, നോർവെ പ്രതിനിധികൾക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അബ്ദുല്ല അൽമുഅല്ലിമി. ഇത്തരം പ്രവർത്തനങ്ങൾ കൈയും കെട്ടി നോക്കിനിൽക്കില്ല എന്ന ശക്തമായ സന്ദേശം ആക്രമണങ്ങളിൽ പങ്കുള്ളവർക്ക് രക്ഷാസമിതി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ മേഖലയിലെ ഒരു രാജ്യമാകാമെന്ന് ഇറാനെ പേരെടുത്ത് പരാമർശിക്കാതെ സൗദി അറേബ്യയുടെയും യു.എ.ഇയുടെയും നോർവെയുടെയും പ്രതിനിധികൾ യു.എൻ രക്ഷാസമിതിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. 
മെയ് 12 ന് ആണ് യു.എ.ഇ തീരത്ത് സൗദി അറേബ്യയുടെ രണ്ടു എണ്ണ കപ്പലുകൾക്കും യു.എ.ഇയുടെ ചരക്കു കപ്പലിനും നോർവെയുടെ എണ്ണ കപ്പലിനും നേരെ ആക്രമണങ്ങളുണ്ടായത്. യു.എ.ഇ നൽകിയ തെളിവുകൾ രക്ഷാസമിതി അംഗങ്ങൾ പരിശോധിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട ഏതു പുരോഗതിയും രക്ഷാസമിതിയെ അറിയിക്കുമെന്നും മൂന്നു രാജ്യങ്ങളും പറഞ്ഞു.  കപ്പലുകളിൽ ഒട്ടിപ്പിടിക്കുന്ന സമുദ്ര മൈനുകൾ ആണ് ആക്രമണങ്ങൾക്ക് ഉപയോഗിച്ചതെന്നാണ് കപ്പലുകളിലുണ്ടായ കേടുപാടുകളും തകർന്ന ഭാഗങ്ങളിൽ നടത്തിയ രാസ പരിശോധനകളും വ്യക്തമാക്കുന്നത്.
 

Latest News