Sorry, you need to enable JavaScript to visit this website.

നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാൻ സി.പി.എം

ന്യൂദൽഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള കർമപരിപാടി ആസൂത്രണം ചെയ്യാൻ സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനം. നഷ്ടമായ വോട്ട് ബാങ്ക് തിരിച്ചു പിടിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
അതേസമയം, പാർട്ടി കടുത്ത സാമ്പത്തിക പരാധീനത നേരിടുന്നതായി ബംഗാൾ ഘടകം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചു. തെരഞ്ഞെടുപ്പിൽ എതിരാളികളെ നേരിടാൻ തക്ക സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ലെന്നും ബംഗാൾ ഘടകം അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് തോൽവിക്ക് തൊടുന്യായം കണ്ടെത്തിയിട്ട് കാര്യമില്ലെന്ന് മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ പ്രധാന കാരണം ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ അനുവദിച്ചതാണെന്ന പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്നു ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവും മതനിരപേക്ഷ രാഷ്ട്രീയവും വലിയ തിരിച്ചടി നേരിട്ടു. ഇതിന് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇന്നത്തേക്കാൾ മതവിശ്വാസവും യഥാസ്ഥിതികത്വവും ദുരാചാരങ്ങളും ശക്തമായിരുന്നു പഴയ കാലത്ത്. എന്നിട്ടും അന്ന് ഇടതുപക്ഷം മുന്നേറി. അന്നൊക്കെ മത, സമുദായ, വർഗീയ ശക്തികളെ മറികടക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞതു ജനമനസ്സുകളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനം വർഗീയ ശക്തികൾക്കും യഥാസ്ഥിതികർക്കും മുകളിലായതുകൊണ്ടാണെന്നും വി.എസ് പറഞ്ഞു.
 

Latest News