Sorry, you need to enable JavaScript to visit this website.

ജിസാനില്‍ വീണ്ടും വൈദ്യുതി വിതരണം സ്തംഭിച്ചു

ജിസാന്‍- ജിസാനിലെ വിവിധ പ്രദേശങ്ങളില്‍ ശനിയാഴ്ചയും വൈദ്യുതി വിതരണം സ്തംഭിച്ചു. മഴയും പൊടിക്കാറ്റുമാണ് വൈദ്യുതി വിതരണം സ്തംഭിക്കാന്‍ ഇടയാക്കിയതെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു.
വൈദ്യതി പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ രാത്രി വൈകിയും തുടരുകയാണ്. വൈദ്യുതി മുടങ്ങിയതില്‍ ഉപയോക്താക്കളോട് സൗദി ഇലക്ട്രിസിറ്റി കമ്പനി ക്ഷമാപണം നടത്തി. ആവര്‍ത്തിച്ച് വൈദ്യുതി മുടങ്ങുന്നതില്‍ ജിസാന്‍ നിവാസികള്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. വൈദ്യുതി മുടങ്ങിയ ചില പ്രദേശങ്ങളില്‍ അര മണിക്കൂറില്‍ കുറഞ്ഞ സമയം മാത്രമാണ് മഴയുണ്ടായത്. കാറ്റും മഴയും കാരണമായി വൈദ്യുതി സ്തംഭിക്കുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് ദക്ഷിണ സൗദിയില്‍ ജിസാന്‍, അസീര്‍, നജ്‌റാന്‍, അല്‍ബാഹ പ്രവിശ്യകളില്‍ വൈദ്യുതി വിതരണം സ്തംഭിച്ചിരുന്നു. ഇതുമൂലം പ്രയാസങ്ങള്‍ നേരിട്ടവര്‍ക്ക് ഈ മാസത്തെ വൈദ്യുതി ബില്‍ തുകയുടെ 25 ശതമാനം ഇളവ് ചെയ്ത് നല്‍കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ നഷ്ടപരിഹാരം പര്യാപ്തമല്ലെന്നും മതിയായ നഷ്ടപരിഹാരം തേടി കോടതികളെ സമീപിക്കുമെന്നും ദക്ഷിണ സൗദി നിവാസികള്‍ പറഞ്ഞു.

 

Latest News