റിയാദ്- സൗദി തലസ്ഥാനമായ റിയാദില്‍ സി.ഐ.ഡി ചമഞ്ഞെത്തിയ സംഘം മൂന്ന് സുഹൃത്തുക്കളെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി നാലായിരം റിയാല്‍ കവര്‍ന്നു.
ബത്ഹ ജമാല്‍ കോംപ്ലക്‌സിലെ ക്ലീനിംഗ് തൊഴിലാളിയായ ബംഗ്ലാദേശ് സ്വദേശി ഹനാന്‍ മിയയെയും രണ്ടു സുഹൃത്തുക്കളെയുമാണ് തോക്ക് ചൂണ്ടി പണം തട്ടിയത്. മയക്കുമരുന്ന് കീശയിലിട്ട് പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
റിയാദ് കുബേരയിലാണ് സംഭവം. രാവിലെ കാറില്‍ മറ്റൊരു സുഹൃത്തിനെ കാണാന്‍ പോയതായിരുന്നു ഇവര്‍. കുബേരയിലെത്തിയപ്പോള്‍ അവിടെ നിര്‍ത്തിയിട്ടിരുന്ന ഗ്രേ കളര്‍ കാറില്‍നിന്ന് ഇവരുടെ കാര്‍ നിര്‍ത്തണമെന്ന് മൈക്കില്‍ ആവശ്യപ്പെട്ടു.
ട്രാഫിക് പോലീസാണെന്ന് കരുതി കാര്‍ നിര്‍ത്തിയ ഉടന്‍ രണ്ടു പേരെത്തി സി.ഐ.ഡികളാണെന്ന് പറഞ്ഞ് ഐ.ഡി കാണിച്ചു. ഒരാള്‍ തോബും മറ്റൊരാള്‍ ടീഷര്‍ട്ടും പാന്റ്‌സുമാണ് ധരിച്ചിരുന്നത്.
കാര്‍ പരിശോധിച്ച ശേഷം സംഘം മൂന്നു പേരെയും തങ്ങളുടെ കാറിലേക്ക് മാറ്റി. തുടര്‍ന്ന് ഒരാളെ കയ്യാമം വെക്കുകയും മറ്റൊരാളെ തൊട്ടടുത്ത ഇടവഴിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ശബ്ദമുണ്ടാക്കിയാല്‍ വെടിവെക്കുമെന്നും മയക്കുമരുന്ന് സൂക്ഷിച്ചതിന് പോലീസില്‍ ഏല്‍പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇരുവരുടെയും വസ്ത്രങ്ങള്‍ പരിശോധിച്ച് പണമടങ്ങിയ പഴ്‌സ് കൈക്കലാക്കി സംഘം സ്ഥലം വിടുകയായിരുന്നു. 4,000 റിയാലാണ് പഴ്‌സിലുണ്ടായിരുന്നത്. വ്യാജ സി.ഐഡികളാണെന്ന് വ്യക്തമായ ഉടന്‍ സ്‌പോണ്‍സറോടൊപ്പം ഖാലിദിയ പോലീസിലെത്തി പരാതി നല്‍കിയതായി ഹനാന്‍ പറഞ്ഞു.