Sorry, you need to enable JavaScript to visit this website.

ഖുർആൻ കാലിഗ്രാഫി വിദഗ്ധൻ ഉസ്മാൻ ത്വാഹയുടെ കരാർ പുതുക്കി

റിയാദ് - ലോകത്തെ ഏറ്റവും വലിയ മുസ്ഹഫ് അച്ചടി കേന്ദ്രമായ കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സിലെ ഖുർആൻ കൈയെഴുത്ത് (കാലിഗ്രാഫി) വിദഗ്ധൻ ശൈഖ് ഉസ്മാൻ ത്വാഹയുടെ കരാർ പുതുക്കി നൽകി. ഇദ്ദേഹത്തിന്റെ കരാർ കാലാവധി അവസാനിച്ചത് അറിഞ്ഞയുടൻ ഇസ്‌ലാമികകാര്യ മന്ത്രിയും കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് സൂപ്പർവൈസർ ജനറലുമായ ശൈഖ് ഡോ.അബ്ദുല്ലത്തീഫ് ആലുശൈഖ് ആണ് കരാർ പുതുക്കി നൽകാൻ നിർദേശിച്ചത്. അബ്ദുല്ലത്തീഫ് ആലുശൈഖ് ഇസ്‌ലാമികകാര്യ മന്ത്രിയായി തുടരുന്ന കാലത്തോളം ശൈഖ് ഉസ്മാൻ ത്വാഹ കിംഗ് ഫഹദ് മുസ്ഹഫ് കോംപ്ലക്‌സിലെ ജോലിയിൽ തുടരുമെന്ന് മന്ത്രി പറഞ്ഞു. 
വിശുദ്ധ ഖുർആന് നൽകിയ സേവനങ്ങൾ കണക്കിലെടുത്തും, അന്ത്യശ്വാസം വലിക്കുന്നതു വരെ വിശുദ്ധ ഖുർആൻ സേവന മാർഗത്തിൽ തുടരണമെന്ന് എപ്പോഴും ആവർത്തിച്ച് വെളിപ്പെടുത്തുന്ന ആഗ്രഹം സഫലീകരിക്കുന്നതിന് സഹായിച്ചുമാണ് താൻ മന്ത്രിയായിരിക്കുന്ന കാലത്തോളം ഉസ്മാൻ ത്വാഹക്കും മുസ്ഹഫ് കോംപ്ലക്‌സിൽ ജോലിയുണ്ടാകുമെന്ന് ശൈഖ് ഡോ.അബ്ദുല്ലത്തീഫ് ആലുശൈഖ് വ്യക്തമാക്കിയത്. ഇസ്‌ലാമിക ലോകത്തെ ഏറ്റവും പ്രശസ്തനായ മുസ്ഹഫ് കാലിഗ്രാഫി വിദഗ്ധനാണ് 85 കാരനായ ശൈഖ് ഉസ്മാൻ ത്വാഹ. സൗദിയിലേക്ക് വരുന്നതിനു മുമ്പായി സിറിയയിലെ ഔഖാഫ് മന്ത്രാലയത്തിനു വേണ്ടിയാണ് ഉസ്മാൻ ത്വാഹ ആദ്യമായി മുസ്ഹഫ് കൈയെഴുത്ത് പ്രതി തയാറാക്കിയത്. ഇദ്ദേഹത്തിന്റെ കൈയെഴുത്തിൽ പൂർത്തിയാക്കിയ വിശുദ്ധ ഖുർആന്റെ ഇരുപതു കോടിയിലേറെ കോപ്പികൾ ഇതിനകം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സിൽ അഭംഗുരം ഇപ്പോഴും ഈ മുസ്ഹഫ് കോപ്പികൾ അച്ചടിക്കുന്നു.
 

Latest News