Sorry, you need to enable JavaScript to visit this website.

വ്യാപാര മേഖലയിൽ നാലര ലക്ഷത്തോളം സൗദി ജീവനക്കാർ

റിയാദ് - ചില്ലറ, മൊത്ത വ്യാപാര മേഖലയിൽ നാലര ലക്ഷത്തോളം സൗദികൾ ജോലി ചെയ്യുന്നതായി ഔദ്യോഗിക കണക്ക്. ഈ വർഷം ആദ്യ പാദാവസാനത്തിലെ കണക്കുകൾ പ്രകാരം ചില്ലറ, മൊത്ത വ്യാപാര മേഖലയിൽ 4,40,000 സൗദികൾ ജോലി ചെയ്യുന്നുണ്ട്. മുൻകാലത്തെ അപേക്ഷിച്ച് 25 ശതമാനം വർധനവാണിത്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ ഈ മേഖലയിൽ സൗദി ജീവനക്കാർ 3,30,000 ആയിരുന്നു. 
ചില്ലറ, മൊത്ത വ്യാപാര മേഖലയിൽ സൗദി വനിതാ ജീവനക്കാരുടെ എണ്ണം 1,66,135 ആയി ഉയർന്നു. മൂന്നു മാസത്തിനിടെ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ 50,000 ഓളം പേരുടെ വർധനവാണുണ്ടായത്. ഈ മേഖലയിൽ പുരുഷ ജീവനക്കാർ 2,73,709 ആണ്. ചില്ലറ, മൊത്ത വ്യാപാര മേഖലയിൽ സൗദികളും വിദേശികളും അടക്കം ആകെ 20,49,245 ജീവനക്കാരുണ്ട്. ഇക്കൂട്ടത്തിൽ 16,09,401 പേർ വിദേശികളാണ്. വിദേശ ജീവനക്കാരിൽ 15,80,881 പേർ പുരുഷന്മാരും 28,520 പേർ വനിതകളുമാണ്. 
തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും ഈ വർഷം ആദ്യ പാദത്തിൽ 1,49,000 സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പരിശോധനകൾ നടത്തി. റെയ്ഡുകൾക്കിടെ 23,000 നിയമലംഘനങ്ങൾ കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചു. 
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ 700 പരിശോധകരാണ് സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും ഫീൽഡ് സന്ദർശനങ്ങൾ നടത്തുന്നത്. സൗദിവൽക്കരിച്ച തൊഴിലുകളിൽ വിദേശികളെ ജോലിക്കു വെക്കൽ, വനിതാവൽക്കരണ വ്യവസ്ഥകൾ പാലിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് സ്വകാര്യ സ്ഥാപനങ്ങളിൽ ഏറ്റവുമധികം കണ്ടെത്തിയത്. 
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷാവസാനം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായിരുന്നു. രണ്ടു വർഷത്തിനുള്ളിൽ തൊഴിലില്ലായ്മ നിരക്ക് ഒമ്പതു ശതമാനമായും 2030 ഓടെ ഏഴു ശതമാനമായും കുറക്കുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. സ്വദേശിവൽക്കരണം വർധിപ്പിക്കുന്നതിനും വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും ശ്രമിച്ച് നിരവധി പദ്ധതികൾ സമീപ കാലത്ത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
 

Latest News