റിയാദ്- കഴിഞ്ഞ വർഷം ആഭ്യന്തര ടൂറിസം മേഖലയിൽ 4.1 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജിനു കീഴിലെ ടൂറിസം ഇൻഫർമേഷൻ ആന്റ് റിസേർച്ച് സെന്റർ അറിയിച്ചു. കഴിഞ്ഞ കൊല്ലം മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് ടൂറിസം മേഖല 21,100 കോടിയിലേറെ റിയാൽ സംഭാവന ചെയ്തു.
ടൂറിസം മേഖലയിൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിലും മേഖല ക്രമീകരിക്കുന്നതിലും ടൂറിസം കമ്മീഷൻ വിജയിച്ചതാണ് ആഭ്യന്തര ടൂറിസം മേഖലയിൽ വലിയ വളർച്ച കൈവരിക്കുന്നതിന് സഹായിച്ചത്.
2018 ൽ വിദേശ രാജ്യങ്ങളിൽ സൗദി വിനോദ സഞ്ചാരികൾ ചെലവഴിച്ച പണത്തിൽ രണ്ടു ശതമാനം കുറവ് രേഖപ്പെടുത്തി. 2013 നു ശേഷം ആദ്യമായാണ് വിദേശങ്ങളിൽ സൗദി ടൂറിസ്റ്റുകൾ ചെലവഴിച്ച തുക ഇത്രയും കുറയുന്നത്. ആഭ്യന്തര ടൂറിസത്തിന് വിനോദ സഞ്ചാരികൾ നടത്തിയ ധനവിനിയോഗത്തിൽ 4.1 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം വിദേശങ്ങളിൽ അവധിക്കാലം ചെലവഴിക്കുന്നതിന് സൗദി വിനോദ സഞ്ചാരികൾ 7,640 കോടി റിയാലാണ് ചെലവഴിച്ചത്. തുടർച്ചയായി രണ്ടാം വർഷമാണ് വിദേശങ്ങളിൽ സൗദി വിനോദ സഞ്ചാരികളുടെ ധനവിനിയോഗം കുറയുന്നത്. 2017 ൽ വിദേശങ്ങളിലെ സൗദി വിനോദ സഞ്ചാരികളുടെ ധനവിനിയോഗത്തിൽ 19.9 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. 2017 ൽ സൗദി വിനോദ സഞ്ചാരികൾ വിദേശ ടൂറിസത്തിന് 7,600 കോടി റിയാലാണ് ചെലവഴിച്ചത്.
കഴിഞ്ഞ കൊല്ലം ആഭ്യന്തര ടൂറിസത്തിന് 4,800 കോടി റിയാൽ ചെലവഴിച്ചു. 2017 ൽ ഇത് 4,610 കോടി റിയാലായിരുന്നെന്നും ടൂറിസം ഇൻഫർമേഷൻ ആന്റ് റിസേർച്ച് സെന്റർ പറഞ്ഞു.