Sorry, you need to enable JavaScript to visit this website.

സിറിയയില്‍നിന്ന് മടങ്ങാന്‍ വഴി തേടി കാസര്‍കോട് സ്വദേശി

കാസര്‍കോട്- തൃക്കരിപ്പൂര്‍ എളമ്പച്ചിയില്‍നിന്ന് ഭീകര സംഘടനയായ ഐ.എസില്‍ ചേരാന്‍ പോയ യുവാവ് തിരിച്ചു വരുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചതായി സുരക്ഷാ ഏജന്‍സികളേയും കുടുംബത്തേയും ഉദ്ധരിച്ച്  ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലുള്ള ഐ.എസുകാര്‍ പട്ടിണിയിലാണെന്നും ഭക്ഷണം കിട്ടാനില്ലെന്നും യുവാവ് വീട്ടുകാരെ വിളിച്ചറിയിച്ചതായാണ് റിപ്പോര്‍ട്ട്.

എളമ്പച്ചി സ്വദേശി ഫിറോസ് എന്ന ഫിറോസ് ഖാനാണ് വീട്ടിലേക്ക് വിളിച്ചത്. 2016 ജൂണില്‍ ഐ.എസിലേക്ക് പോകാന്‍ ജില്ലയില്‍നിന്ന് പോയവരില്‍ ഒരാളാണ് 25 കാരനായ ഫിറോസ്. സംഘത്തിന്റെ നേതാവ് റാഷിദ് അബ്ദുല്ലയും കുടുംബവും അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ക്കു പിറകെയാണ് ഫിറോസിന്റെ ഫോണ്‍ സന്ദേശത്തെ കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ വിവരം നല്‍കിയത്.

ഫിറോസ് ഖാന്‍ കഴിഞ്ഞ മാസം മാതാവ് ഹബീബയ്ക്ക് ഫോണ്‍ ചെയ്ത് സംസാരിച്ചതായി അടുത്ത ബന്ധുവും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിറോസിന്റെ ഫോണ്‍ സന്ദേശത്തെ കുറിച്ച് അറിയാമെന്നും കുടുംബവുമായി ബന്ധപ്പെടാറുണ്ടെന്നും മറ്റുള്ളവരെ ഐ.എസില്‍ ചേരാന്‍ പ്രേരിപ്പച്ചിരുന്നുവെന്നും സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറിയയില്‍ യു.എസിന്റെ ആക്രമണത്തില്‍ ഐ.എസ് നാമാവശേഷമായതിനു പിന്നാലെയായിരുന്നു ഫോണ്‍ സന്ദേശം. തങ്ങള്‍ വല്ലാത്തൊരു അവസ്ഥയിലാണെന്നും പട്ടിണിയാല്‍ വലയുകയാണെന്നും ഫിറോസ് മാതാവിനോട് പറഞ്ഞുവെന്ന് അടുത്ത ബന്ധു പറഞ്ഞു.

മലേഷ്യയില്‍നിന്നുള്ള ഒരു യുവതിയുമായി ഐ.എസ് തന്റെ വിവാഹം നടത്തിയിരുന്നതായും പിന്നീട് അവര്‍ ഉപേക്ഷിച്ചു പോയതായും ഫിറോസ് പറഞ്ഞു. തിരികെ വീട്ടിലെത്തിയാല്‍ ഉണ്ടാകാവുന്ന കേസുകളെക്കുറിച്ചും അന്വേഷിച്ചിരുന്നു. കീഴടങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും എവിടെ, എങ്ങനെ എന്നുള്ള വിവരങ്ങളൊന്നും അറിയില്ല. അന്നത്തെ ഫോണ്‍ വിളിക്കുശേഷം മറ്റൊന്നും ഇതുവരെ കേട്ടിട്ടില്ലെന്നും ബന്ധു പറഞ്ഞു.

 

 

Latest News