രാഹുൽ ഗാന്ധി വയനാട്ടിൽ; മോഡി ഗുരുവായൂരിൽ, രാഹുലിന് പ്രാർത്ഥനയേക്കാള്‍ പ്രാധാന്യം പ്രവൃത്തിക്ക്-അഡ്വ. ജയശങ്കർ

കൊച്ചി- രാഹുൽ ഗാന്ധി വഴി കോൺഗ്രസ് ശക്തിപ്പെടണമെന്ന ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. 
ജയശങ്കറിന്റെ കുറിപ്പ്:
നരേന്ദ്രമോഡി ഗുരുവായൂർ ക്ഷേത്രത്തിൽ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്പോൾ രാഹുൽഗാന്ധി വയനാട്ടിൽ റോഡ് ഷോ നടത്തുകയാണ്. കാരണം അദ്ദേഹത്തിന് പ്രാർത്ഥനയേക്കാൾ പ്രധാനം പ്രവൃത്തിയാണ്.വരുന്ന അഞ്ചു വർഷം കൊണ്ട് രാജ്യത്തെമ്പാടും കോൺഗ്രസിന്റെ സംഘടനാ സംവിധാനം ശക്തമാക്കണം, പുതിയ പ്രവർത്തകരെ കണ്ടെത്തണം, മതേതര ജനാധിപത്യ പുരോഗമന കക്ഷികളുടെ ഐക്യനിര കെട്ടിപ്പെടുക്കണം, ബിജെപിയുടെ രാഷ്ട്രീയ മേൽക്കോയ്മ തകർക്കണം, നരേന്ദ്രമോഡിയുടെ അപ്രമാദിത്വം അവസാനിപ്പിക്കണം.

ഇതിനൊക്കെ പുറമെ, വയനാട്ടിലെ കർഷകരുടെ, കർഷക തൊഴിലാളികളുടെ, ആദിവാസികൾ അടക്കമുള്ള ദരിദ്ര ജനലക്ഷങ്ങളുടെ കണ്ണീരൊപ്പണം. അമേഠി ആവർത്തിക്കാതെ നോക്കണം.

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ദീർഘ വീക്ഷണവും ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യവും രാജീവ് ഗാന്ധിയുടെ ഹൃദയവിശാലതയുമുളള, ഭാരത ഭാഗ്യവിധാതാവായി രാഹുൽഗാന്ധി വളരണം.
 

Latest News