മോഡിയെ വിമര്‍ശിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രാഘവ് ബെഹലിനെതിരെ കള്ളപ്പണക്കേസ്

ന്യൂദല്‍ഹി- മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സംരംഭകനും ക്വിന്റ് വാര്‍ത്താ പോര്‍ട്ടല്‍ ഉടമയുമായ രാഘവ് ബെഹലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണക്കേസ് രജിസ്റ്റര്‍ ചെയ്തു. ആദായ നികുതി വകുപ്പിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബെഹലിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസെടുത്തതെന്ന് ഐഎഎന്‍എസ് റിപോര്‍ട്ട് ചെയ്യുന്നു. ക്വിന്റ് ഓഫീസിലും ബെഹലിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് മാസങ്ങള്‍ക്കു മുമ്പ് റെയ്ഡ് നടത്തിയിരുന്നു. തന്റെ സ്ഥാപനം പൂര്‍ണമായും ആദായ നികുതി നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഇതിനു മതിയായ എല്ലാ രേഖകളും ഹാജരാക്കാന്‍ തയാറാണെന്നും ബെഹല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ റെയ്ഡുകള്‍ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുള്ള നീക്കമാണെന്നും ബെഹല്‍ ആരോപിച്ചിരുന്നു.

അതിനിടെ സ്വാഭാവിക നീതി നിഷേധിച്ചാണ് തനിക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്ന് ഒരാഴ്ച മുമ്പ് ബെഹല്‍ വ്യക്തമാക്കിയിരുന്നു. ആദായ നികുതി വകുപ്പില്‍ നിന്ന് സമന്‍സോ നോട്ടീസോ ഇല്ലാതെ മീററ്റിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ തനിക്കെതിരെ രണ്ടു കേസുകള്‍ നടന്നു വരുന്നതായി മേയ് 29-നാണ് അറിയുന്നതെന്നും ബെഹല്‍ പറഞ്ഞിരുന്നു. ഈ കേസ് മേയ് മൂന്നിന് രജിസ്റ്റര്‍ ചെയ്തതാണ്. കൃത്യമായി നികുതി അടച്ചിട്ടും തന്നെ വേട്ടയാടുകയാണെന്ന് പരാതിപ്പെട്ട് ബഹല്‍ കഴിഞ്ഞയാഴച ധനമന്ത്രി നിര്‍മല സീതാരാമന് കത്തയിച്ചിരുന്നു.
 

Latest News