Sorry, you need to enable JavaScript to visit this website.

എത്യോപ്യയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ്  മരവിപ്പിച്ചത് തിരിച്ചടിയായി 

റിയാദ്- എത്യോപ്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് മരവിപ്പിച്ചത് തിരിച്ചടിയായതായി റിക്രൂട്ട്‌മെന്റ് ഓഫീസ് വൃത്തങ്ങൾ പറഞ്ഞു. തീരുമാനം തീർത്തും അപ്രതീക്ഷിതമായിരുന്നു. എത്യോപ്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുമെന്ന കാര്യത്തിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എത്യോപ്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് ഫിലിപ്പിനോ വേലക്കാരുടെ കുത്തക അവസാനിപ്പിക്കാൻ സഹായിക്കും.
ഗാർഹിക തൊഴിലാളി വിപണിയുടെ 35 മുതൽ 40 ശതമാനം വരെ എത്യോപ്യൻ വേലക്കാരികൾ കൈയടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എത്യോപ്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ച് നൽകുന്നതിനുള്ള നിരക്ക് ആയി 7,500 റിയാലായാണ് നിശ്ചയിച്ചിരുന്നത്. ഫിലിപ്പിനോ വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് 20,000 റിയാൽ മുതൽ 21,000 റിയാൽ വരെ ചെലവ് വരുന്നുണ്ട്. ഫിലിപ്പൈൻസിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അതേ വ്യവസ്ഥകളും ആനുകൂല്യങ്ങളും സംവിധാനങ്ങളും തങ്ങളുടെ തൊഴിലാളികൾക്കു കൂടി ലഭ്യമാക്കുന്നതിന് എത്യോപ്യൻ ഗവൺമെന്റ് ഏകപക്ഷീയമായി ശ്രമിച്ചതാണ് എത്യോപ്യയുമായി ഒപ്പു വെച്ച ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാർ മരവിപ്പിക്കുന്നതിന് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തെ പ്രേരിപ്പിച്ചതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 
ഫിലിപ്പിനോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. എത്യോപ്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല. സൗദിയിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് വിപണിയിൽ നിലനിൽക്കുന്ന പ്രതിസന്ധി മുതലെടുത്ത് ഫിലിപ്പൈൻസിലെ റിക്രൂട്ട്‌മെന്റ് ബ്രോക്കർമാർ തങ്ങളുടെ കമ്മീഷൻ 3,200 ഡോളറിൽനിന്ന് 3,400 ഡോളറായി ഉയർത്തിയിട്ടുണ്ട്. പ്രതിമാസം മുപ്പതിനായിരം മുതൽ നാൽപതിനായിരം വരെ ഫിലിപ്പിനോ വേലക്കാരെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 
ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാറുകൾ കൈകൊണ്ട് എഴുതി തയാറാക്കണമെന്ന എത്യോപ്യൻ തൊഴിൽ മന്ത്രാലയ തീരുമാനത്തിൽ എത്യോപ്യയിലെ റിക്രൂട്ട്‌മെന്റ് ഏജൻസികൾ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കുന്നതിന് കൈകൊണ്ട് തയാറാക്കുന്ന തൊഴിൽ കരാറുകൾക്ക് 90 ഡോളർ വീതം ഫീസ് നൽകേണ്ടിവരും. ഈ രീതി അവലംബിക്കുമ്പോൾ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടൽ വഴി ഏകീകൃത തൊഴിൽ കരാർ രജിസ്റ്റർ ചെയ്യുന്നത് അവഗണിക്കപ്പെടുകയും ചെയ്യും. 
എത്യോപ്യയിലെയും ഫിലിപ്പൈൻസിലെയും ബന്ധപ്പെട്ട വകുപ്പുകളുടെ ശേഷികൾ തമ്മിൽ വലിയ അന്തരമുണ്ട്. സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഫിലിപ്പൈൻസ് കോൺസുലേറ്റുകളുണ്ട്. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾ റിയാദിലെ എത്യോപ്യൻ എംബസിയിൽ മാത്രമായി എത്യോപ്യ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു തൊഴിൽ കരാർ അറ്റസ്റ്റ് ചെയ്യുന്നതിന് എത്യോപ്യൻ എംബസി 312 റിയാൽ ഫീസ് ഈടാക്കുന്നു. പത്തു കോടി ജനസംഖ്യയുള്ള എത്യോപ്യക്ക് സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കുള്ള ആവശ്യം നിറവേറ്റുന്നതിന് സാധിക്കും. വിസകൾ അനുവദിച്ച് മുപ്പതു ദിവസത്തിനം റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കി എത്യോപ്യൻ വേലക്കാരികളെ സൗദിയിൽ എത്തിക്കാൻ സാധിക്കുമെന്നും റിക്രൂട്ട്‌മെന്റ് മേഖലാ വൃത്തങ്ങൾ പറഞ്ഞു. 
നിലവിൽ സൗദിയിൽ ഫിലിപ്പൈൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വേലക്കാർക്കാണ് പ്രിയം കൂടുതൽ. ഫിലിപ്പൈൻസ്, നൈജർ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, വിയറ്റ്‌നാം, മൗറിത്താനിയ, ഉഗാണ്ട, എരിത്രിയ, മഡഗാസ്‌കർ, അസർബൈജാൻ, ഉസ്‌ബെക്കിസ്ഥാൻ, കംബോഡിയ, ബുറുണ്ടി, മാലി, കെനിയ എന്നീ പതിനേഴു രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇപ്പോൾ വിസ അനുവദിക്കുന്നുണ്ട്.
 

Latest News