ഗുവാഹതി- അസമില്‍ വിദേശിയെന്ന് മുദ്രകുത്തി ജയിലിലടച്ച കാര്‍ഗില്‍ യോദ്ധാവ് മുഹമ്മദ് സനാഉല്ലക്ക് ഗുവാഹതി ഹൈക്കോടതി ജാമ്യം അനുവദിച്ചു. അനധികൃത താമസക്കാരുടേയും വിദേശികളുടേയും കേസുകള്‍ പരിശോധിക്കുന്ന ട്രൈബ്യൂണലാണ് കാര്‍ഗിലില്‍ പാക്കിസ്ഥാനെതിരെ പൊരുതിയ യോദ്ധാവായ ഇദ്ദേഹത്തെ വിദേശിയായി പ്രഖ്യാപിച്ചിരുന്നത്.
ജസ്റ്റിസുമാരായ മനോജിത് ഭുയാന്‍, പ്രശാന്തകുമാര്‍ ദേക എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് 20,000 രൂപ വീതമുള്ള രണ്ടാള്‍ ജാമ്യത്തില്‍ സനാഉല്ലയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. പോലീസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ സ്വദേശമായ കാംരൂപ ജില്ല വിട്ടു പോകരുതെന്ന് ജാമ്യ വ്യവസ്ഥയില്‍ പറയുന്നു. വിദേശിയായി പ്രഖ്യാപിച്ചതിനെ ചേദ്യം ചെയ്യുന്ന റിട്ട് ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും അസം സര്‍ക്കാരിനും ബോക്കോവിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണലിനും കോടതി നോട്ടീസയച്ചു. സനാഉല്ലയെ ഇന്ന് ജയിലില്‍നിന്ന് മോചിപ്പിക്കുമെന്ന് കരുതുന്നു. ഇദ്ദേഹത്തിന്റെ കുടുംബമാണ് മെയ് 23 ന് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.