Sorry, you need to enable JavaScript to visit this website.

എണ്ണ ടാങ്കർ ആക്രമണങ്ങൾക്കു പിന്നിൽ 'ഒരു' രാജ്യമാകാമെന്ന് സൗദി അറേബ്യ

റിയാദ്- യു.എ.ഇയിൽ ഫുജൈറ തീരത്ത് മൂന്ന് എണ്ണ ടാങ്കറുകൾക്കും ചരക്കു കപ്പലിനും നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ മേഖലയിലെ 'ഒരു' രാജ്യമാകാമെന്ന് ഇറാനെ പേരെടുത്ത് പരാമർശിക്കാതെ സൗദി അറേബ്യയുടെയും യു.എ.ഇയുടെയും നോർവെയുടെയും പ്രതിനിധികൾ യു.എൻ രക്ഷാ സമിതിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞു. മെയ് 12 ന് ആണ് യു.എ.ഇ തീരത്തു സൗദി അറേബ്യയുടെ രണ്ട് എണ്ണക്കപ്പലുകൾക്കും യു.എ.ഇയുടെ ചരക്കു കപ്പലിനും നോർവെയുടെ എണ്ണക്കപ്പലിനും നേരെ ആക്രമണങ്ങളുണ്ടായത്. 
അന്താരാഷ്ട്ര ചരക്കു ഗതാഗതത്തിനും ആഗോള ഊർജ സുരക്ഷക്കും ലോക സമാധാനത്തിനും സുരക്ഷക്കും ആക്രമണങ്ങൾ ഭീഷണിയാണ്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് യു.എ.ഇ നൽകിയ തെളിവുകൾ രക്ഷാസമിതി അംഗങ്ങൾ പരിശോധിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഏതു പുരോഗതിയും രക്ഷാ സമിതിയെ അറിയിക്കുമെന്നും മൂന്നു രാജ്യങ്ങളും പറഞ്ഞു. 
കപ്പലുകളിൽ ഒട്ടിപ്പിടിക്കുന്ന സമുദ്ര മൈനുകൾ ആണ് ആക്രമണങ്ങൾക്ക് ഉപയോഗിച്ചതെന്നാണ് കപ്പലുകളിലുണ്ടായ കേടുപാടുകളും തകർന്ന ഭാഗങ്ങളിൽ നടത്തിയ രാസ പരിശോധനകളും വ്യക്തമാക്കുന്നത്. സ്പീഡ് ബോട്ടുകളിൽ എത്തിയ മുങ്ങൽ വിദഗ്ധരാണ് എണ്ണക്കപ്പലുകളിൽ സമുദ്ര മൈനുകൾ സ്ഥാപിച്ചതെന്ന നിഗമനത്തിലാണ് റഡാർ വിവരങ്ങൾ പരിശോധിച്ചതിൽനിന്ന് എത്തിച്ചേർന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 
വളരെ ആസൂത്രണത്തോടെ പദ്ധതിയിട്ട ആക്രമണത്തിന്റെ ഭാഗമായിരുന്നു എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. വലിയ ശേഷിയുള്ള 'ഒരു' രാജ്യമാണ് ആക്രമണം നടപ്പാക്കിയതെന്നും കരുതുന്നു. അതിസങ്കീർണവും ഏകോപനത്തോടെയുമുള്ള ഓപ്പറേഷന്റെ ഭാഗമായിരുന്നു ഈ ആക്രമണങ്ങൾ. വലിയ ശേഷിയുള്ളവരാണ് ആക്രമണങ്ങൾ നടത്തിയത്.
വ്യത്യസ്ത ഇനങ്ങളിൽപെട്ട ഇരുനൂറു കപ്പലുകളിൽനിന്ന് രഹസ്യാന്വേഷണ ശേഷി അവലംബിച്ചാണ് വളരെ ശ്രദ്ധയോടെ നാല് എണ്ണ കപ്പലുകൾ ആക്രമണങ്ങൾക്ക് തെരഞ്ഞെടുത്തത്. ഏതെങ്കിലും കപ്പലുകൾ ആക്രമണങ്ങൾക്ക് തെരഞ്ഞെടുക്കുകയായിരുന്നില്ല. മുൻകൂട്ടി തെരഞ്ഞെടുത്ത ലക്ഷ്യങ്ങളെ കുറിച്ച വിവരങ്ങൾ ആക്രമണങ്ങൾക്ക് ആവശ്യമായിരുന്നു. വിദഗ്ധ പരിശീലനം സിദ്ധിച്ച മുങ്ങൽ വിദഗ്ധരും ആക്രമണങ്ങൾ നടത്തുന്നതിന് ആവശ്യമായിരുന്നു. കപ്പലുകളിൽ ഏറെ കൃത്യതയോടെ ജല പ്രതലത്തിനു താഴെയാണ് സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ചത്. കപ്പലുകൾ മുക്കുകയോ എണ്ണ ലോഡിൽ സ്‌ഫോടനം നടത്തുകയോ ചെയ്യാതെ കപ്പലുകളുടെ സഞ്ചാരത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നതിനാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത്. കപ്പലുകളുടെ ഇനത്തെ കുറിച്ച് സ്‌ഫോടനം നടത്തിയവർക്ക് നല്ല അറിവുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഒരു മണിക്കൂറിൽ കവിയാത്ത സമയത്തിനകം നാലു കപ്പലുകളിലും സ്‌ഫോടനങ്ങൾ ഉറപ്പുവരുത്തുന്നതിന് ഏതാനും ഗ്രൂപ്പുകൾ തമ്മിലെ വലിയ ഏകോപനം ആക്രമണങ്ങൾക്ക് ആവശ്യമായിരുന്നു. 
സ്പീഡ് ബോട്ടുകളെ കുറിച്ച പരിചയസമ്പത്തും മേഖലയെ കുറിച്ച വിവരവും ആക്രമണങ്ങൾക്ക് അവലംബിച്ചു. ഇതിലൂടെയാണ് യു.എ.ഇ ജലാതിർത്തിയിൽ പ്രവേശിക്കുന്നതിനും സ്‌ഫോടനങ്ങൾ നടത്തിയ ശേഷം രക്ഷപ്പെടുന്നതിനും ആക്രമണങ്ങൾ നടത്തിയവർക്ക് സാധിച്ചത്. ഇക്കാര്യങ്ങളെല്ലാം ആക്രമണങ്ങൾക്ക് പിന്നിൽ മേഖലയിലെ ഒരു രാജ്യമാണ് പ്രവർത്തിച്ചതെന്നാണ് സൂചിപ്പിക്കുന്നത്.  അന്വേഷണ റിപ്പോർട്ട് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന് സമർപ്പിക്കുമെന്നും മൂന്നു രാജ്യങ്ങളും പറഞ്ഞു. ഇറാനിൽ നിന്നുള്ള സമുദ്ര മൈനുകൾ ഉപയോഗിച്ചാണ് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണങ്ങൾ നടത്തിയതെന്നാണ് കരുതുന്നതെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ സൂചിപ്പിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാൻ റെവല്യൂഷനറി ഗാർഡാണെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയവും പറഞ്ഞിരുന്നു.

Latest News