Sorry, you need to enable JavaScript to visit this website.

ഡെങ്കിയോടൊപ്പം എലിപ്പനിയും പടരുന്നു;  നാല് പേർ കൂടി മരിച്ചു 

തിരുവനന്തപുരം- സംസ്ഥാനത്ത് പനി പ്രതിരോധിക്കാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും പനിമരണത്തിനു കുറവില്ല. ഇന്നലെ സംസ്ഥാനത്തു പനി ബാധിച്ചു നാല് പേർ മരിച്ചു. തിരുവനന്തപുരം പട്ടം സ്വദേശി അനുശ്രീ (22), ചെമ്മരുത്തി സ്വദേശി ജാൻ (40), ഇടുക്കി സ്വദേശി അഭിലാഷ് (25), പയ്യന്നൂർ സ്വദേശി ലക്ഷ്മി (65) എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് ഡെങ്കിപ്പനിയും ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചിരുന്നു.  
ഡെങ്കിപ്പനിക്കൊപ്പം എലിപ്പനിയും പടരുന്നതു ആശങ്കയുണർത്തുന്നുണ്ട്. 157 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 11 പേർക്കു എലിപ്പനി കണ്ടെത്തി. 
പനി പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലകളിൽ ചുമതല നൽകിയിരുന്ന ചില മന്ത്രിമാരും പനിയുടെ നിഴലിലാണ്. പാലക്കാട് ജില്ലയുടെ ചുമതല നൽകിയിരുന്ന മന്ത്രി എ.കെ. ബാലൻ പനി ബാധിച്ച് ചികിത്സയിലാണ്.  പാലക്കാട് ജില്ലയുടെ ചുമതല മന്ത്രി എ.സി. മൊയ്തീന് കൈമാറിയിട്ടുണ്ട്.  
സംസ്ഥാനത്ത് ഇന്നലെ 23,190 പേർ വിവിധ സർക്കാർ ആശുപത്രികളിൽ പനി പിടിപെട്ടു ചികിത്സ തേടി. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ 78 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം 20, പത്തനംതിട്ട നാല്, ഇടുക്കി ആറ്, കോഴിക്കോട് അഞ്ച്, ആലപ്പുഴ മൂന്ന്, എറണാകുളം 17, മലപ്പുറം എട്ട്,  വയനാട് മൂന്ന്, കണ്ണൂർ 11, കാസർകോട് ഒന്ന് എന്നിങ്ങനെയാണ് ഡെങ്കിപ്പനി ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 
സർക്കാർ ഇന്നു സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും പനി ചികിത്സക്കായെത്തുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നത് ആശുപത്രികളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മറ്റു രോഗങ്ങളുമായി എത്തുന്നവർക്കു ആശുപത്രികളിലെ പനിത്തിരക്കു കാരണം ഡോക്ടർമാരെ കാണാൻ കഴിയുന്നില്ല. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എല്ലാ ദിവസവും മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം നടക്കുന്നുണ്ട്. 
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു സർക്കാർ തന്നെ സമ്മതിച്ചിരിക്കയാണ്. മഴക്കാലപൂർവ ശുചീകരണത്തിനായി സർക്കാർ തദേശ സ്ഥാപനങ്ങൾക്കു കൈമാറിയ തുക ഇനിയും ചെലവഴിക്കാത്ത പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഉണ്ടെന്ന് മന്ത്രി ശൈലജ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 
സർക്കാർ ആശുപത്രികളിൽ ദിവസ വേതനം അടിസ്ഥാനത്തിൽ ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. എന്നാൽ ആശുപത്രികളിലെ സ്ഥല പരിമിതിയും മറ്റും ചികിത്സയ്ക്കു തടസ്സമാകുന്നുവെന്ന പരാതി നിലനിൽക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും ലഭ്യമാക്കിയതു ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്. എം.എൽ.എമാർ അവരുടെ മണ്ഡലങ്ങളിൽ പാർട്ടി പ്രവർത്തകരെയും മറ്റു സന്നദ്ധ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ടു ഇന്നലെ ശുചീകരണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു.

Latest News