Sorry, you need to enable JavaScript to visit this website.

പിഞ്ചു ബാലികയുടെ കൊല: കൃത്യവിലോപത്തിന് അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അലിഗഢ്- ഉത്തര്‍പ്രദേശിലെ അലിഗഢില്‍ പിഞ്ചുബാലിക ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അഞ്ച് പോലീസുകാരെ കൃത്യവിലോപത്തിന് സസ്‌പെന്റ് ചെയ്തു. രണ്ടര വയസ്സുകാരിയുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ തെരുവു നായ്ക്കള്‍ കടിച്ചു വലിക്കുന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രാജ്യത്തെങ്ങും പ്രതിഷേധം ശക്തമായതിനിടെയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനും അന്വേഷണം വൈകി¸nച്ചതിനുമാണ് സസ്‌പെന്‍ഷന്‍. മെയ് 30ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ജൂണ്‍ രണ്ടിനാണ് കണ്ടെത്തിയത്. അലിഗഢിലെ ടപ്പാലില്‍ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ വീടിനടുത്തുള്ള മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് ലഭിച്ചത്. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു.
അറസ്റ്റിലായ സാഹിദ്, അസ്്‌ലം എന്നീ പ്രതികള്‍ കുറ്റം സമ്മതിച്ചതായി സീനിയര്‍ പോലീസ് സൂപ്രണ്ട് ആകാശ് കുല്‍ഹരി പറഞ്ഞു. സര്‍ക്കിള്‍ ഓഫീസര്‍ പങ്കജ് ശ്രീവാസ്തവ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികളുടെ കുടുംബാംഗങ്ങളെ കൂടി അറസ്റ്റ് ചെയ്തില്ലെങ്കില്‍ മരണം വരെ നിരാഹാരം കിടക്കുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ബന്‍വരിലാല്‍ ശര്‍മ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇദ്ദേഹത്തെ പോലീസ് പിന്നീട് പിന്തിരിപ്പിക്കുകയായിരുന്നു. നീതി ലഭ്യമാക്കുമെന്നും പ്രതികളെ അതിവേഗ കോടതിയില്‍ വിചാരണ ചെയ്യുമെന്നും പോലീസ് കുട്ടിയുടെ പിതാവിന് ഉറപ്പു നല്‍കി.
പോക്‌സോക്കു പുറമെ, ദേശസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ വിചാരണ ചെയ്യുന്നതിന് നടപടികള്‍ ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് പറഞ്ഞു. ഒരു വനിതാ ഉദ്യോഗസ്ഥയടക്കം അഞ്ച് പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
10,000 രൂപയുടെ വായ്പയെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രതികാരമായി കുട്ടിയെ കൊല്ലുന്നതിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

 

Latest News