കെ.എം. മാണിയുടെ പാല, ആരിഫ് പ്രതിനിധാനം ചെയ്തിരുന്ന അരൂർ, ഹൈബി ഈഡന്റെ എറണാകുളം എന്നിവിടങ്ങളിൽ വിദൂര പ്രതീക്ഷപോലും ബി.ജെ.പിക്കില്ല. അതിനാൽ തന്നെ പ്രവർത്തനം മുഴുവൻ വിജയ സാധ്യതയുള്ള മറ്റു മൂന്ന് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും. ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തെടുത്തുള്ള ഒരു യുദ്ധം തന്നെയാണ് ഇനി വരാൻ പോകുന്നത്. ഈ പോരിൽ ആര് വീഴും ആര് വാഴും എന്നതിനെ ആശ്രയിച്ചായിരിക്കും 2021 ലെ നിയമസഭാ ജനവിധിയുമുണ്ടാവുക.
കോൺഗ്രസ് നേതൃത്വത്തെ പോലും വിസ്മയിപ്പിച്ച തെരഞ്ഞെടുപ്പ് ഫലമാണ് സംസ്ഥാനത്ത് പാർട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണി നേടിയത്. വോട്ടെടുപ്പ് നടന്നത് ലോക്‌സഭയിലേക്കാണെങ്കിലും നിയമസഭാ സീറ്റുകളിൽ 123 ഇടത്തും പ്രതിപക്ഷത്തിന് ആധിപത്യമാണ്. ഇതെങ്ങിനെ സംഭവിച്ചുവെന്ന കാരണം താത്വികമായി അവലോകിച്ച് വരികയാണ് മുന്നണി നേതാക്കൾ. റെക്കോർഡ് ഭൂരിപക്ഷത്തിലാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിൽനിന്ന് രാഹുൽ ഗാന്ധിയെ മലയാളികൾ തെരഞ്ഞെടുത്തത്. രാഹുൽ ഗാന്ധി എത്തുന്നതിന് മുമ്പ് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിനാണ് സീറ്റ് നൽകിയിരുന്നത്. തൊട്ടടുത്ത ദിവസം പുറത്തു വന്ന വാർത്ത സിദ്ദീഖിനെ തോൽപിക്കാൻ ഗ്രൂപ്പ് യോഗം കോഴിക്കോട്ട് ചേർന്നുവെന്നാണ്. ഏതായാലും രാഹുൽ ഗാന്ധി മത്സരിച്ചത് കൊണ്ട് കോൺഗ്രസിന്റെ കൂടപ്പിറപ്പായ ഗ്രൂപ്പിസത്തിന് അവധി ലഭിച്ചു. അതിന്റെ കൂടി ഗുണമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത്.
യു.ഡി.എഫ് അതിവേഗം പഴയ പ്രതാപം തിരിച്ചു പിടിക്കുകയാണെന്നാണ് കോട്ടയത്ത് നിന്നും ഒരു ഘടകകക്ഷിയെ കുറിച്ച് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഏറെ വൈകാതെ സംസ്ഥാന നിയമസഭയിലേക്ക് ഉപ തെരഞ്ഞെടുപ്പ് നടക്കുകയായി. കേരളം ഭരിക്കുന്ന ഇടതുപക്ഷത്തിനും രണ്ട് വർഷം കഴിഞ്ഞാൽ ഭരിക്കാൻ കാത്തിരിക്കുന്ന യു.ഡി.എഫിനും കേരളത്തിൽ കൂടി ഒരു കണ്ണുള്ള ബി.ജെ.പിയ്ക്കും പ്രധാനമാണ് വൈകാതെ നടക്കുന്ന ഉപ തെരഞ്ഞെടുപ്പുകൾ.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് സീറ്റിൽ അരൂർ മാത്രമാണ് ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ്. എന്നാൽ സിറ്റിംഗ് സീറ്റിനു പുറമേ കോന്നി, പാല, എറണാകുളം സീറ്റുകൾ പിടിച്ചെടുക്കാനാണ് ഇടതു നീക്കം. വട്ടിയൂർക്കാവിൽ ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തുവാൻ ഇപ്പോഴേ സി.പി.എം ശ്രമം തുടങ്ങിയിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇനി വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കും. 2021ലെ നിയമസഭ ഉപതെരഞ്ഞെടുപ്പിനു മുൻപുള്ള റിഹേഴ്‌സലായും വിലയിരുത്തപ്പെടും. അതു കൊണ്ട് തന്നെ വിജയത്തിൽ കുറഞ്ഞ് മറ്റൊന്നും ഇടതുപക്ഷത്തിനും ചിന്തിക്കാൻ കഴിയില്ല. സിറ്റിംഗ് സീറ്റായ അരൂരിൽ യു.ഡി.എഫാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ നേരിയ മുൻ തൂക്കം നേടിയിരുന്നത്. ഇത് എളുപ്പത്തിൽ മറികടക്കാം എന്ന ആത്മവിശ്വാസത്തിലാണ് ചെമ്പട.
യു.ഡി.എഫിനാണ് ശരിക്കും ഉപതെരഞ്ഞെടുപ്പ് അഗ്‌നി പരീക്ഷണമാകാൻ പോകുന്നത്. ആറിൽ അഞ്ച് സീറ്റും യു.ഡി.എഫിന്റെ കുത്തക സീറ്റുകളാണ്. മൂന്നെണ്ണം കോൺഗ്രസിന്റെയും ഒന്നു വീതം ലീഗിന്റെയും കേരള കോൺഗ്രസ്സിന്റെയുമാണ്.
പാലായിൽ കഴിഞ്ഞ തവണ കഷ്ടിച്ചാണ് കെ.എം മാണി വിജയിച്ചത്. ഇത്തവണ കേരള കോൺഗ്രസ്സിലെ ഭിന്നത പുതിയ ഭീഷണിയാണ്. മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടി ബി.ജെ.പി സ്ഥാനാർത്ഥിയായാൽ പ്രവചനം അസാധ്യമാകും. തീ പാറുന്ന മത്സരത്തിനാണ് വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങൾ വേദിയാവാൻ പോകുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ത്രികോണ മത്സരം തന്നെയാണ് ഇവിടങ്ങളിൽ നടക്കുക.
സംസ്ഥാന ഭരണം തിരിച്ചു പിടിക്കാൻ ഉപതെരഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫിന് നിർണായകമാണ്. തുടർഭരണം ഉറപ്പ് വരുത്താൻ മാത്രമല്ല, ശക്തി നഷടമായില്ലെന്ന് തെളിയിക്കാൻ ഇടതുപക്ഷത്തിനും വിജയം അനിവാര്യമാണ്. ബി.ജെ.പിക്ക് ലോകസഭ തെരഞ്ഞെടുപ്പിൽ പറ്റിയ ക്ഷീണം തീർക്കാനുള്ള ഒന്നാന്തരമൊരു അവസരം കൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പിൽ ആറിൽ മൂന്നു മണ്ഡലങ്ങളും പിടിച്ചെടുക്കാൻ ബി.ജെ.പി ആവത് ശ്രമിക്കും. ലോകസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും നേടാനാകാത്തതിന്റെ ക്ഷീണം ഉപതെരഞ്ഞെടുപ്പിൽ തീർക്കുകയാണ് ലക്ഷ്യം. വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ വിജയിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ നടത്താനാണ് സാധ്യത. മോഡി വീണ്ടും അധികാരത്തിൽ വന്ന സാഹചര്യം സംഘപരിവാറിന് ആവേശം വർധിപ്പിച്ചിരിക്കാനാണ് സാധ്യത. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ നിലപാടും നിർണ്ണായകമാകും.
വട്ടിയൂർക്കാവിൽ കോൺഗ്രസ്സിലെ ശശി തരൂരിനേക്കാൾ 2,836 വോട്ടിന്റെ കുറവ് മാത്രമാണ് കുമ്മനത്തിനുള്ളത്. 50,709 വോട്ടുകൾ ഇവിടെ കുമ്മനത്തിന് ലഭിച്ചിട്ടുണ്ട്. ശബരിമല സമരം കത്തി നിന്ന കോന്നിയിൽ 46,506 വോട്ട് പിടിച്ച് രണ്ടാംസ്ഥാനത്ത് എത്താൻ സുരേന്ദ്രനും കഴിഞ്ഞിരുന്നു. വീണാ ജോർജുമായി 440 വോട്ടിന്റെ വ്യത്യാസമാണ് സുരേന്ദ്രന് കോന്നിയിലുള്ളത്. യു.ഡി.എഫുമായുള്ള വ്യത്യാസം 3161 വോട്ടാണ്.
കാസർകോട്ട് ജയിച്ച രാജ് മോഹൻ ഉണ്ണിത്താന് മഞ്ചേശ്വരത്ത് 11,113 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. രണ്ടാമതെത്തിയ ബി.ജെ.പി ഇവിടെ 57,104 വോട്ട് നേടിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ 89 വോട്ടിനാണ് ഇവിടെ പരാജയപ്പെട്ടത്. മഞ്ചേശ്വരത്ത് മുൻ എം.പി അബ്ദുല്ലക്കുട്ടിയെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കുമോ എന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.
കെ.എം. മാണിയുടെ പാല, ആരിഫ് പ്രതിനിധാനം ചെയ്തിരുന്ന അരൂർ, ഹൈബി ഈഡന്റെ എറണാകുളം എന്നിവിടങ്ങളിൽ വിദൂര പ്രതീക്ഷപോലും ബി.ജെ.പിക്കില്ല. അതിനാൽ തന്നെ പ്രവർത്തനം മുഴുവൻ വിജയ സാധ്യതയുള്ള മറ്റു മൂന്ന് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും.
ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തെടുത്തുള്ള ഒരു യുദ്ധം തന്നെയാണ് ഇനി വരാൻ പോകുന്നത്. ഈ പോരിൽ ആര് വീഴും ആര് വാഴും എന്നതിനെ ആശ്രയിച്ചായിരിക്കും 2021 ലെ നിയമസഭാ ജനവിധിയുമുണ്ടാവുക.
വട്ടിയൂർക്കാവ് ഉപ തെരഞ്ഞെടുപ്പിനായി മൂന്ന് മുന്നണികളും കരുക്കൾ നീക്കി തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഇത്തവണ അഭിമാന പോരാട്ടമാണ്. സീറ്റ് നിലനിർത്തുകയെന്നതിനൊപ്പം പിണറായി സർക്കാരിനെതിരായ മറുപടി കൂടിയാവും തലസ്ഥാന നഗരയിലെ മണ്ഡലത്തിലെ വിജയം. അതേ സമയം കേരളത്തിൽ ബി.ജെ.പിയുടെ രണ്ടാം എംഎൽഎ വട്ടിയൂർക്കാവിൽ നിന്നാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. മണ്ഡലത്തിൽ സീറ്റിനായി കോൺഗ്രസിൽ നേതാക്കളുടെ അടിപിടിയാണെന്ന റിപ്പോർട്ട് ശ്രദ്ധേയമാണ്. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർ മണ്ഡലത്തിൽ മത്സരിക്കേണ്ടെന്ന നിലപാടാണ് ജില്ലാ നേതൃത്വത്തിന്. വട്ടിയൂർക്കാവിൽ ആര് സ്ഥാനാർത്ഥിയാകുമെന്ന ചർച്ചകൾ കൊഴുക്കുകയാണ്. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ തറപറ്റിച്ചാണ് കെ. മുരളീധരൻ വിജയിച്ചത്. അന്ന് 7622 വോട്ടിന്റെ ഭൂരിപക്ഷമാണ് മുരളീധരൻ നേടിയത്. എന്നാൽ ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മികച്ച പ്രകടനമാണ് ബി.ജെ.പി കാഴ്ച വെച്ചത്. തരൂരിന് മണ്ഡലത്തിൽനിന്ന് ലഭിച്ചത് 53,545 വോട്ടുകളാണ്. കുമ്മനം നേടിയത് 50,709 വോട്ടുകളും. അതിനാൽ ശക്തമായ സ്ഥാനാർത്ഥിയൂടെ മാത്രമേ മണ്ഡലം നിലനിർത്താൻ ആകൂവെന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വം പറയുന്നത്. സംസ്ഥാന നേതാക്കളെ പരിഗണിച്ച് ജില്ലാ നേതാക്കൾ തഴയപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നും അതിനാൽ തലസ്ഥാനത്തെ പ്രശ്‌നങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന പ്രാദേശിക നേതാക്കൾ തന്നെ വേണമെന്നാണ് കെ.പി.സി.സിക്ക് മേൽ ഇവർ നടത്തുന്ന സമ്മർദ്ദം. എൻ.എസ്.എസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ ഇക്കാര്യങ്ങൾ കൂടി പരിഗണിക്കണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു. മനുഷ്യാവകാശ കമ്മീഷൻ അംഗമായ കെ. മോഹൻ കുമാർ, ഡി.സി.സി മുൻ പ്രസിഡൻറും മുൻ കൊല്ലം എം.പിയുമായ എൻ. പീതാംബരക്കുറുപ്പ്, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എൻഎസ്എസ് മേഖല കൺവീനർ കൂടിയായ ശാസ്തമംഗലം മോഹൻ എന്നിവരുടെ പേരുകളാണ് ജില്ലാ നേതൃത്വത്തിൽ നിന്നും ഉയർന്ന് കേൾക്കുന്നത്. ദീർഘകാലം ഡി.സി.സി പ്രസിഡൻറായിരുന്ന പീതാംബര കുറുപ്പിനെ പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. മുരളീധരന്റെ സഹോദരിയും മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാലിന്റെ പേരും ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്.
ന്യൂനപക്ഷ വോട്ടുകളും നായർ വോട്ടുകളും ഒരുപോലെ നേടിയെടുക്കാൻ പത്മജയ്ക്ക് സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പത്മജയെ കൂടാതെ എ.ഐ.സി.സി സെക്രട്ടറി കൂടിയായ പി.സി വിഷ്ണുനാഥിന്റെ പേരും ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരുടെ പേരുകളിലുണ്ട്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ ജ്യോതി വിജയകുമാർ എന്നിവരുടെ പേരും പറഞ്ഞ് കേൾക്കുന്നുണ്ട്. കെ. മുരളീധരന്റെ അഭിപ്രായവും സ്ഥാനാർഥി നിർണയത്തിൽ പ്രധാനമാണ്. ഇരുപതിൽ 19 സീറ്റുകളിലും പരാജയത്തിന്റെ രുചിയറിഞ്ഞ എൽ.ഡി.എഫ് തിരിച്ചുവരവിന് തീവ്രശ്രമം നടത്തുമെന്നതിൽ സംശയമില്ല.