Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് പരാജയം: സി.പി.എം കേന്ദ്രകമ്മിറ്റിക്ക് ദൽഹിയിൽ തുടക്കം

ന്യൂദൽഹി- പൊതു തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം വിലയിരുത്താനുള്ള സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ദൽഹിയിൽ തുടക്കമായി. പശ്ചിമബംഗാളിൽ സിപിഎമ്മിൽ നിന്നു ബിജെപിയിലേക്ക് വോട്ട് ചോർച്ച ഉണ്ടായതായി കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതി വിലയിരുത്തിയിരുന്നു. കേരളത്തിൽ ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചോ എന്നത് ഉൾപ്പടെയുള്ള വിഷയങ്ങളും കേന്ദ്രകമ്മിറ്റിയിൽ ഇന്നു ചർച്ച ചെയ്യും. 
    ലോക്‌സഭ തെരഞ്ഞടുപ്പിൽ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായ കേരളം, പശ്ചിമബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽ തകർന്നടിഞ്ഞത് ഉൾപ്പടെയുള്ള വിഷയങ്ങൾ അതാതു സംസ്ഥാന സമിതികളിൽ വിശകലനം ചെയ്തതിന് ശേഷമാണ് കേന്ദ്രകമ്മിറ്റി ഈ വിഷയങ്ങൾ സമഗ്ര വിശകലനത്തിനായി ചർച്ച ചെയ്യുന്നത്. ദേശീയ തലത്തിൽ പര്ട്ടിക്കെട്ട കനത്ത തിരിച്ചടിയുടെ കാരണങ്ങൾ വിലയിരുത്തി പരിഹാരം കാണുക എന്നതാണ് കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ പ്രധാന അജണ്ട. 
    ബംഗാളിൽ സിപിഎമ്മിനു ലഭിച്ചിരുന്ന വോട്ടുകൾ ഇത്തവണ വ്യാപകമായി ബിജെപിയിലേക്ക് പോയതായി സംസ്ഥാന സമിതി യോഗത്തിനു ശേഷം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ സ്ഥിരീകരിച്ചിരുന്നു. കോൺഗ്രസുമായി ധാരണ ഉണ്ടാക്കാതിരുന്നത് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്നാണ് ബംഗാൾ ഘടകത്തിന്റെ വിലയിരുത്തൽ. എന്നാൽ, കോൺഗ്രസുമായി സഹകരിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ജനങ്ങളിലേക്കെത്തിയത് സംസ്ഥാനത്ത് വലിയ തിരിച്ചടിയായെന്നാണ് കേരള ഘടകത്തിന്റെ നിലപാട്. 
    അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും കേരളത്തിലെ തിരിച്ചടിക്ക് ശബരിമല വിഷയം കാരണമായോ എന്നും യോഗം വിശദമായി ചർച്ച ചെയ്യും. വിശ്വാസ സമൂഹവും മതന്യൂനപക്ഷങ്ങളും പാർട്ടിയുടെ അടിത്തറയിൽ നിന്ന് അകന്നതാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട്. എന്നാൽ, ഇത് മുൻകൂട്ടികാനുന്നതിൽ സംസ്ഥാന ഘടകത്തിന് വീഴ്ച പറ്റിയതായി കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ സ്വീകരിക്കേണ്ട  രാഷ്ട്രീയ  സംഘടന നടപടികളും കേന്ദ്ര കമ്മറ്റിയിൽ ചർച്ചയാകും.
 

Latest News