Sorry, you need to enable JavaScript to visit this website.

ഭൂമി ഇടപാട്: വ്യാജരേഖ കേസിൽ വൈദികർക്ക് പങ്കെന്ന് പോലീസ്

കൊച്ചി- എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിവിൽപന വിഷയത്തിൽ വ്യാജരേഖ ചമച്ചതിൽ വൈദികർക്ക് പങ്കുണ്ടെന്ന് പോലീസ് ഹൈക്കോടതിയിൽ നിലപാട് സ്വീകരിക്കും. ഫാദര്‍ പോള്‍ തേലക്കാട്ട്, ഫാദര്‍ ആന്‍റണി കല്ലൂക്കാരന്‍ എന്നീ വൈദികർക്കെതിരെ ശാസ്ത്രീയമായ തെളിവുകളുണ്ടെന്നും പോലീസ് കോടതിയെ ബോധ്യപ്പെടുത്തും. അതിനിടെ, വിവാദ ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി കേരള കത്തോലിക്ക മെത്രാൻ സമിതി രംഗത്തെത്തി. ഭൂമി വിൽപനയിൽ ആരോപിക്കപ്പെടുന്നതുപോലുള്ള അഴിമതികൾ ഉണ്ടായിട്ടില്ലെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി(കെസിബിസി) വാർഷിക സമ്മേളനം. സീറോ മലബാർ സഭയുടെ കീഴിലുളള ദേവാലയങ്ങളിൽ അടുത്ത ഞായറാഴ്ച വായിക്കുന്നതിനായി കെസിബിസി നൽകിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭയ്ക്കുള്ളിൽ തന്നെ പരിഹരിക്കാൻ വേണ്ട നടപടികളും സംവിധാനങ്ങളും പൂർത്തിയായിട്ടുണ്ട്.ഭൂമിയിടപാടിന്റെ നിജ സ്ഥിതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ഒറ്റക്കെട്ടായി പ്രശ്‌നങ്ങൾക്ക് ക്രിസ്തീയമായ  പരിഹാരമുണ്ടാക്കാനും സഭാംഗങ്ങൾ ആത്മാർഥമായി സഹകരിക്കണമെന്നും കെസിബിസി പ്രസിഡന്റ് ആർച് ബിഷപ് എം സൂസപാക്യം പുറപ്പെടുവിച്ചിരിക്കുന്ന സർക്കുലറിൽ വ്യക്തമാക്കുന്നു.കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ചമച്ച വ്യാജരേഖയുമായി ബന്ധപ്പെട്ട കേസിൽ ഇപ്പോൾ നടക്കുന്ന പോലിസ് അന്വേഷണം യാതൊരു വിധ ബാഹ്യസമ്മർദ്ദവും ഇടപെടലും കൂടാതെ മുന്നോട്ടു പോകണമെന്നും കെസിബിസി സമ്മേളനം ആവശ്യപ്പെട്ടു.രേഖകളുടെ ഉളളടക്കം സത്യവിരുദ്ധമാണ്.അന്വേഷണത്തിലൂടെ യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും അവർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുകയും വേണമെന്നും കെസിബിസി മ്മേളനം ആവശ്യപ്പെട്ടതായും സർക്കുലറിൽ വ്യക്തമാക്കുന്നു.ഇത്തരം പ്രവർത്തികളിലൂടെ സഭയിൽ ഭിന്നത സൃഷ്ടിക്കാനുള്ള തൽപര കക്ഷികളുടെ ശ്രമത്തിനെതിരെ വിശ്വാസികൾ ജാഗ്രത പുലർത്തണം.വിഷയത്തിൽ അനാവശ്യ പത്രപ്രസ്താവനകളോ മറ്റു വിവാദങ്ങളോ ഉണ്ടാക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടു നിൽക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.കഴിഞ്ഞ രണ്ടു വർഷമായി സഭയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടർച്ചകൾ വിശ്വാസികളുടെ ഇടയിൽ ഏറെ സംശയങ്ങൾക്കും സമൂഹത്തിൽ ഏറെ വിവാദങ്ങൾക്കും ഇടയായിട്ടുണ്ട്. വിശ്വാസികൾക്കും പൊതുസമൂഹത്തിലും ഉണ്ടായിട്ടുള്ള വേദനയിലും ഇടർച്ചയിലും ഖേദിക്കുന്നുവെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

Latest News