Sorry, you need to enable JavaScript to visit this website.

കേരളത്തിൽ കാലവർഷം നാളെ മുതൽ; കനത്ത മഴക്ക് സാധ്യത

വിവിധ ജില്ലകളിൽ ഇന്നു മുതൽ ഓറഞ്ച് അലർട്ട്
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം - അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ വരും ദിനങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. സംസ്ഥാനത്ത് കാലവർഷം ശനിയാഴ്ച എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഈ മാസം പത്തുവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 
വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഒമ്പതിന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും പത്തിന് പത്തനംതിട്ട, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 
ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ (115 മില്ലീമീറ്റർ വരെ) അതിശക്തമായതോ (115 മില്ലീമീറ്റർ മുതൽ 204.5 മില്ലീമീറ്റർ വരെ) ആയ മഴയ്ക്ക് സാധ്യതയുണ്ട്.
മഴക്കുപുറമെ അറബിക്കടലിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി. കർണാടക, ഗോവ തീരങ്ങളോട് ചേർന്നുള്ള അറബിക്കടലിന്റെ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ അറബിക്കടലിൽ രൂപം കൊള്ളുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുന്നതിനാണ് അലർട്ട് നൽകിയിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കണക്കാക്കുന്നത്. കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലർട്ടുകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്.
സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

Latest News