മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രക്ക് ഫലമുണ്ടായില്ല; ചെലവ് 3,72,000 രൂപ

തിരുവനന്തപുരം- പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഗള്‍ഫ് മലയാളികളുടെ സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയിലൂടെ സഹായമൊന്നും കിട്ടിയില്ലെന്ന് സര്‍ക്കാര്‍.
അതേസമയം മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രക്കായി 3,72,000 രൂപ ചെലവായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് നാല് മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ മറുപടി നല്‍കുന്നത്. ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇ അടക്കമുളള രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. മന്ത്രിമാരുടെ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് യാത്രാനുമതി നല്‍കിയത്. ഈ സന്ദര്‍ശനം വഴി നവകേരള നിര്‍മാണത്തിന് എത്ര തുക സമാഹരിക്കാനായെന്നായിരുന്നു ഇക്ക ഴിഞ്ഞ ജനുവരി 28 ന് വി.ടി. ബല്‍റാം എം.എല്‍.എ നിയമസഭയില്‍ ചോദിച്ചത്. എന്നാല്‍ ഈ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകളിലും സര്‍ക്കാര്‍ മൗനം പാലിച്ചിരുന്നു.

 

 

Latest News