Sorry, you need to enable JavaScript to visit this website.

തെലങ്കാനയില്‍ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ടിആര്‍എസിലേക്ക്

ബാക്കിയായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭാ വളപ്പില്‍ പ്രതിഷേധിക്കുന്നു

ഹൈദരാബാദ്- തെലങ്കാനയിലെ 18 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 പേരും ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്)യില്‍ ചേരുന്നു. കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടിയെ ടിആര്‍എസില്‍ ലയിപ്പിക്കാന്‍ അനുമതി തേടി വിമത എംഎല്‍എമാര്‍ വ്യാഴാഴ്ച നിയമസഭാ സ്പീക്കര്‍ പൊച്ചറാം ശ്രീനിവാസിനെ കണ്ടു. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലുള്ള വിശ്വാസം തങ്ങള്‍ക്കു നഷ്ടമായെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി അംഗങ്ങളുടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഏതു പാര്‍ട്ടിക്കും മറ്റൊരു പാര്‍ട്ടിയില്‍ കൂറുമാറ്റ നിയമത്തിന്റെ തടസ്സമില്ലാതെ ലയിക്കാം. 

ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 19 എംഎല്‍എമാര്‍ മാത്രമാണ് ജയിച്ചിരുന്നത്. ഇവരില്‍ ഒരാളായ തെലങ്കാന സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഢി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഹുസൂര്‍നഗര്‍ എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു. ഇതോടെയാണ് 12 എംഎല്‍എമാര്‍ക്ക് ടിആര്‍എസിലേക്കു ചേക്കേറാനുള്ള നിയമതടസ്സം നീങ്ങിയത്. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ ആറ് മാത്രമായി ചുരുങ്ങി. കോണ്‍ഗ്രസിന്റെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നേരത്തെ തന്നെ ടിആര്‍എസില്‍ ലയിച്ചിരുന്നു. നാല് എംഎല്‍സിമാരില്‍ മൂന്നു പേരും കോണ്‍ഗ്രസ് വിടുകയായിരുന്നു.

കോണ്‍ഗ്രസ്-ടിആര്‍എസ് നിയമസഭാ പാര്‍ട്ടി ലയനത്തിനെതിരെ ഉത്തം കുമാര്‍ റെഡഢിയും ബാക്കിയായ കോണ്‍ഗ്രസ് എംഎല്‍എമാരും സഭയ്ക്കുള്ളില്‍ പ്രതിഷേധിച്ചു. പ്രതിപക്ഷത്തെ തീര്‍ത്തും നിശബ്ദരാക്കാനുളള ടിആര്‍എസിന്റെ നീക്കമാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ടിആര്‍എസ് തങ്ങളുടെ എംഎല്‍എമാരും പണമെറിഞ്ഞ് കൂടെ കൂട്ടിയതാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
 

Latest News