സൗദിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം 45,000 വിദേശി എന്‍ജിനീയര്‍മാര്‍ മടങ്ങി

റിയാദ് - ഒരു വര്‍ഷത്തിനിടെ വിദേശി എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ 23 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് കണക്ക്. 2018 ജൂണില്‍ കൗണ്‍സിലില്‍ അംഗത്വമുള്ള 1,94,000 വിദേശി എന്‍ജിനീയര്‍മാര്‍ രാജ്യത്തുണ്ടായിരുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം ഇവരുടെ എണ്ണം 1,49,000 ആയി കുറഞ്ഞുവെന്ന് കൗണ്‍സില്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സഅദ് അല്‍ശഹ്‌റാനി വെളിപ്പെടുത്തി.
കൗണ്‍സില്‍ അംഗത്വമുള്ള സൗദി എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ 35 ശതമാനത്തോളം വര്‍ധനവുണ്ട്. 2018 ജൂണില്‍ 27,800 സൗദി എന്‍ജിനീയര്‍മാര്‍ക്കാണ് കൗണ്‍സില്‍ അംഗത്വമുണ്ടായിരുന്നത്. ഇപ്പോഴിത് 37,200 ആയി ഉയര്‍ന്നു.  
രാജ്യത്ത് 5000  സൗദി എന്‍ജിനീയര്‍മാര്‍ തൊഴില്‍ രഹിതരായി കഴിയുന്നുണ്ട്. വിദേശി എന്‍ജിനീയര്‍മാര്‍ക്കു പകരം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയാറാക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവുമായി സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് സഹകരിച്ചുവരികയാണ്. വ്യാജ എന്‍ജിനീയര്‍മാരെ കണ്ടെത്തുന്നതിന് പുതിയ പദ്ധതി ആരംഭിച്ചിട്ടുണ്ട്. മൂവായിരത്തോളം വ്യാജ എന്‍ജിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ രണ്ടു വര്‍ഷത്തിനിടെ കൗണ്‍സില്‍ കണ്ടെത്തി. മതിയായ പരിചയസമ്പത്തില്ലാത്ത വിദേശി എന്‍ജിനീയര്‍മാരുടെ റിക്രൂട്ട്‌മെന്റ് വിലക്കിയിട്ടുമുണ്ട്.

 

Latest News