Sorry, you need to enable JavaScript to visit this website.

രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

കോട്ടയം- ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ പ്രത്യേക വാര്‍ഡിലേക്ക് മാറ്റാന്‍ സാധിക്കുമോ എന്ന് അന്വേഷിക്കുന്നതിനിടെ ബന്ധുക്കള്‍ രോഗിയുമായി തിമടങ്ങിയതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉച്ചയ്ക്ക് രണ്ട് മണിയോടെ ആശുപത്രിയില്‍ എത്തിയവര്‍ 17 മിനിറ്റിനകം തിരികെപ്പോയി. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ല. രോഗിയുടെ കൂടെ വന്നവര്‍ പനിയാണെന്ന് മാത്രമാണ് അത്യാഹിത വിഭാഗത്തില്‍ അറിയിച്ചത്. വെന്റിലേറ്റര്‍ സൗകര്യം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ വെന്റിലേറ്റര്‍ സൗകര്യം ഇല്ലെന്ന മറുപടിയാണ്  പി.ആര്‍.ഒ നല്‍കിയത്.

എന്നാല്‍, രോഗിയെ ആദ്യം പരിശോധിച്ച ആശുപത്രിയില്‍ നിന്ന് എച്ച്1 എന്‍1 സംശയിക്കുന്നതായി ഡിസ്ചാര്‍ജ് നോട്ടില്‍ കുറിച്ചിരുന്നു. ഇത് കണക്കിലെടുത്ത് നിപ വാര്‍ഡില്‍ രോഗിക്കായി സൗകര്യങ്ങള്‍ ഒരുക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതിനിടെ ബന്ധുക്കള്‍ രോഗിയുമായി പോയെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

രോഗി ആംബുലന്‍സില്‍ ഉണ്ടെന്ന കാര്യം ബന്ധുക്കള്‍ അറിയിച്ചിരുന്നില്ല. സാധാരണ ഗതിയില്‍ മെഡിക്കല്‍ കോളേജിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്നതിന് മുമ്പായി വെന്റിലേറ്റര്‍ സൗകര്യം ലഭ്യമാണോയെന്ന് വിളിച്ചു ചോദിക്കുകയോ അല്ലെങ്കില്‍ ബന്ധുക്കള്‍ അന്വേഷിക്കുകയോ ചെയ്യാറുണ്ട്. ഇത്തരത്തില്‍ രോഗിയുടെ ബന്ധുക്കള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്ന ധാരണയിലായിരുന്നു ഡോക്ടര്‍മാരെന്നും സൂപ്രണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്‌സ് വന്ന് രോഗിയുടെ അവസ്ഥ മോശമാണെന്ന് പറയുമ്പോഴാണ് രോഗിയുമായാണ് ഇവര്‍ എത്തിയതെന്ന് അറിയുന്നത്. ഇതോടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുക്കള്‍ രോഗിയുമായി അടുത്ത ആശുപത്രിയിലേക്ക് പോയെന്നും ആരോഗ്യ വകുപ്പിനു കൈമാറിയ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News