രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ നരഹത്യക്ക് കേസെടുത്തു

കോട്ടയം- എച്ച്1എന്‍1 രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പോലീസ് നരഹത്യക്കു കേസെടുത്തു. കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കും രണ്ടു സ്വകാര്യ ആശുപത്രി അധികൃതര്‍ക്കുമെക്കെതിരെയാണു ഗാന്ധിനഗര്‍ പോലീസ് കേസെടുത്തത്. തോമസിന്റെ മകളാണ് പോലീസില്‍ പരാതി നല്‍കിയത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വീഴ്ച സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പനിയും ശ്വാസതടസ്സവും മൂലം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നെത്തിയ തോമസ് ജേക്കബാണു ചികിത്സ കിട്ടാതെ ആംബുലന്‍സില്‍വെച്ച് മരിച്ചത്. ആദ്യം മെഡിക്കല്‍ കോളേജിലും പിന്നീട് കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രിയിലും എത്തിച്ച തോമസിനെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായിരുന്നില്ല.

ചികിത്സാ നിഷേധത്തിന് ഐപിസി 304ാം വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ഡിവൈഎസ്പിക്കായിരിക്കും അന്വേഷണ ചുമതല. രോഗിക്ക് ചികിത്സ നിഷേധിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് പങ്കില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് കാരിത്താസ് ആശുപത്രി അധികൃതരും വിശദീകരിക്കുന്നു. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ബന്ധുക്കള്‍ മറ്റു ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിക്കും.

 

Latest News