റിയാദ്- ഗുരുതരമായി പരിക്കേറ്റ് ആരോഗ്യ നില വഷളായ ജീവനക്കാരനെ ഇറാൻ കപ്പലിൽ നിന്ന് ജിസാൻ മിലിട്ടറി ആശുപത്രിയിലേക്ക് നീക്കിയതായി സഖ്യസേന അറിയിച്ചു. മേഖലയിൽ ശത്രുതാ പ്രവർത്തനം നടത്തുന്ന ഇറാൻ കപ്പൽ 'സാവീസി'ലെ ജീവനക്കാരനെയാണ് സഖ്യസേന രക്ഷപ്പെടുത്തിയത്. ആരോഗ്യനില വഷളായ ജീവനക്കാരനെ ആശുപത്രിയിലേക്ക് നീക്കുന്നതിന് കപ്പലിൽനിന്ന് സഹായാഭ്യർഥന ലഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനു കീഴിലെ സൗദി സെർച്ച് ആന്റ് റെസ്‌ക്യൂ സെന്ററിൽനിന്ന് ജിദ്ദ സെർച്ച് ആന്റ് റെസ്‌ക്യു കോ-ഓർഡിനേഷൻ സെന്ററിന് വിവരം ലഭിക്കുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു.
ഈ സമയത്ത് കപ്പൽ യെമനിലെ അൽഹുദൈദ തുറമുഖത്തിന് വടക്കുപടിഞ്ഞാറ് 95 നോട്ടിക്കൽ മൈൽ അകലെയായിരുന്നു. എയർ ആംബുലൻസ് വഴിയാണ് കപ്പലിൽനിന്ന് ജീവനക്കാരനെ ജിസാൻ മിലിട്ടറി ആശുപത്രിയിലേക്ക് നീക്കിയത്. ജീവനക്കാരനെ ആശുപത്രിയിലേക്ക് നീക്കുന്നതിന് സഹായം തേടി ജനീവ യു.എന്നിലെ ഇറാൻ സ്ഥിരം പ്രതിനിധി സംഘം ചാർജ് ഡി അഫയേഴ്‌സിൽനിന്ന് ഔദ്യോഗിക അപേക്ഷയും ലഭിച്ചിരുന്നു.
അപേക്ഷ ലഭിച്ചയുടൻ കപ്പൽ ജീവനക്കാരന് സഹായം നൽകുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയായിരുന്നെന്നും കേണൽ തുർക്കി അൽമാലികി പറഞ്ഞു.
ചരക്കു കപ്പലായി രജിസ്റ്റർ ചെയ്ത 'സാവീസ്' സൈനിക കപ്പലായാണ് പ്രവർത്തിക്കുന്നത്. ഈ കപ്പൽ ഭീഷണി സൃഷ്ടിച്ചിട്ടും കപ്പൽ ജീവനക്കാരന് സഖ്യസേന സഹായം നൽകുകയായിരുന്നു. സഖ്യസേനക്കും യെമൻ ജനതയുടെ താൽപര്യങ്ങൾക്കും എതിരെ പ്രവർത്തിക്കുന്ന ഇറാൻ കപ്പൽ ചെങ്കടലിലെ കപ്പൽ പാതകൾക്കും ആഗോള വ്യാപാരത്തിനും ഭീഷണി സൃഷ്ടിക്കുന്നത് തുടരുകയാണെന്നും കേണൽ തുർക്കി അൽമാലികി പറഞ്ഞു.