Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കലോറി വ്യവസ്ഥ വിജയം; 70 ശതമാനം സ്ഥാപനങ്ങളും പാലിക്കുന്നു

റിയാദ് - റിയാദിലും അൽഖസീമിലും ബേക്കറി ഉൽപന്നങ്ങളും പലഹാരങ്ങളും വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ പെരുന്നാളിനു മുമ്പ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി നടത്തിയ പരിശോധനകളിൽ 70 ശതമാനം സ്ഥാപനങ്ങളും കലോറി വ്യവസ്ഥകൾ പാലിക്കുന്നതായി വ്യക്തമായി. കലോറി നിയമാവലി പാലിക്കുന്നുണ്ടെന്നും വിൽപനക്ക് പ്രദർശിപ്പിച്ച ഉൽപന്നങ്ങളിലെ ഉപയോഗ കാലാവധിയും ഉറപ്പു വരുത്തുന്നതിനാണ്  അതോറിറ്റി പരിശോധനകൾ നടത്തിയത്. മുപ്പതു ശതമാനം സ്ഥാപനങ്ങളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. ശരിയല്ലാത്ത രീതിയിൽ കലോറി കണക്കാക്കൽ, ഭക്ഷ്യവസ്തുക്കളുടെ മെനു പട്ടികകളിൽ കലോറി വെളിപ്പെടുത്താതിരിക്കൽ, പ്രായപൂർത്തിയായവർക്ക് ദിവസേന രണ്ടായിരം കലോറിയാണ് ആവശ്യമുള്ളത് എന്ന വാചകം രേഖപ്പെടുത്താതിരിക്കൽ അടക്കമുള്ള നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയത്. 


റെസ്റ്റോറന്റുകളും കോഫിഷോപ്പുകളും ഐസ്‌ക്രീം കടകളും ബേക്കറികളും പലഹാര കടകളും ഫ്രഷ് ജ്യൂസ് കടകളും അമ്യൂസ്‌മെന്റ് പാർക്കുകളും യൂനിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും സർക്കാർ ഓഫീസുകളിലെയും കാന്റീനുകളും മുഖേന വിൽപന നടത്തുന്ന ഭക്ഷണ പാനീയങ്ങളിൽ അടങ്ങിയ കലോറി ഉപയോക്താക്കൾക്കു മുന്നിൽ വെളിപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. ഭക്ഷണങ്ങൾക്കൊപ്പം വിതരണം ചെയ്യുന്ന ഐസ്‌ക്രീം, ശീതളപാനീയങ്ങൾ, സോസുകൾ, കേക്കുകൾ അടക്കമുള്ള വസ്തുക്കളിലെ കലോറികളും ഉപയോക്താക്കൾക്കു മുന്നിൽ വെളിപ്പെടുത്തൽ നിർബന്ധമാണ്. ഭക്ഷണ പാനീയങ്ങളുടെ മെനു പട്ടികയിൽ തന്നെ ഓരോ ഭക്ഷണ പാനീയങ്ങളിലും അടങ്ങിയ കലോറി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഒരു ദിവസം ആവശ്യമായ കലോറിയും മെനു പട്ടികയിൽ വിശദീകരിച്ചിരിക്കണം. ആവശ്യമെങ്കിൽ ഭക്ഷണ പാനീയങ്ങളുമായി ബന്ധപ്പെട്ട അധിക പോഷക വിവരങ്ങൾ ലഭ്യമാണ് എന്ന വാചകവും മെനു പട്ടികയിൽ രേഖപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. കലോറി കുറഞ്ഞ, അനുയോജ്യമായ ഭക്ഷണ പാനീയങ്ങൾ തെരഞ്ഞെടുക്കുന്നതിന് പുതിയ വ്യവസ്ഥ ഉപയോക്താക്കളെ സഹായിക്കും.
 

Latest News