Sorry, you need to enable JavaScript to visit this website.

വിഷൻ 2030 പദ്ധതിയുടെയും സഖ്യങ്ങളുടെയും ശിൽപി

ജിദ്ദ- സൗദി അറേബ്യയുടെ സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷൻ 2030 ന്റെയും ദേശീയ പരിവർത്തന പദ്ധതി 2020 ന്റെയും ശിൽപിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളുമായുള്ള സൗദി അറേബ്യയുടെ സഖ്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും ഇസ്‌ലാമിക സഖ്യസേന രൂപീകരിക്കുന്നതിനും യെമനിൽ നിയമാനുസൃത ഭരണകൂടം പുനഃസ്ഥാപിക്കുന്നതിനുള്ള സൈനിക സഖ്യം സ്ഥാപിക്കുന്നതിനും നേതൃത്വം വഹിച്ചത്. ബരാക് ഒബാമയുടെ കാലത്ത് അമേരിക്കയുമായുള്ള സൗദി അറേബ്യയുടെ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. എന്നാൽ ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ് അധികം കഴിയുന്നതിനു മുമ്പ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വാഷിംഗ്ടൺ സന്ദർശിച്ച് ട്രംപുമായി ചർച്ച നടത്തിയതും ഇതിനു പിന്നാലെ യു.എസ് പ്രസിഡന്റ് സൗദി അറേബ്യ സന്ദർശിച്ചതും ഉഭയകക്ഷി ബന്ധം മുമ്പെങ്ങുമില്ലാത്തവിധം ശക്തമാക്കി. ഡെപ്യൂട്ടി കിരീടാവകാശിയായി സ്ഥാനമേറ്റതു മുതൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അനിതരസാധാരണമായ കഴിവുകളും രാജ്യതന്ത്രജ്ഞതയും രാജ്യവും ലോകവും അടുത്തറിഞ്ഞു. 
സെക്കണ്ടറി പരീക്ഷയിൽ സൗദിയിൽ ആദ്യ പത്തു സ്ഥാനക്കാരിൽ ഒരാളായിരുന്നു മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. രണ്ടാം റാങ്കോടെയാണ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയിൽനിന്ന് നിയമ പഠനം പൂർത്തിയാക്കിയത്. 2007 ലാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആദ്യമായി ഔദ്യോഗിക പദവി ഏറ്റെടുക്കുന്നത്. ആ വർഷം ഏപ്രിലിൽ മന്ത്രിസഭക്കു കീഴിലെ എക്‌സ്‌പേർട്ട് കമ്മീഷനിൽ ഉപദേഷ്ടാവായി നിയമിതനായിട്ടായിരുന്നു തുടക്കം. ഒപ്പം 2009 ഡിസംബറിൽ അന്ന് റിയാദ് ഗവർണറായിരുന്ന പിതാവ് സൽമാൻ രാജകുമാരന്റെ പ്രത്യേക ഉപദേഷ്ടാവായും നിയമിതനായി. റിയാദ് കോംപറ്റിറ്റീവ്‌നെസ് സെന്റർ സെക്രട്ടറി ജനറൽ, കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആന്റ് ആർക്കൈവ്‌സ് പ്രസിഡന്റിന്റെ ഉപദേഷ്ടാവ്, ദർഇയ വികസന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
2013 ആദ്യത്തിലാണ് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ സൽമാൻ രാജാവിന്റെ ഓഫീസിൽ പ്രത്യേക ഉപദേഷ്ടാവും സൂപ്പർവൈസറുമായി നിയമിതനായത്. അതേ വർഷം മാർച്ചിൽ ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡന്റായി മന്ത്രി പദവിയോടെ നിയമിച്ചു. 2013 ജൂലൈയിൽ പ്രതിരോധ മന്ത്രിയുടെ ഓഫീസ് സൂപ്പർവൈസർ പദവി കൂടി നൽകി. 2014 ൽ നിലവിൽ വഹിക്കുന്ന ചുമതലകൾക്കു പുറമെ സഹമന്ത്രിയായും നിയമിക്കപ്പെട്ടു.  2015 ൽ സൽമാൻ രാജാവ് അധികാരമേറ്റെടുത്തപ്പോൾ പ്രതിരോധ മന്ത്രിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ നിയമിച്ചു. റോയൽ കോർട്ട് പ്രസിഡന്റ് ആയും രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവായും സാമ്പത്തിക, വികസന സമിതി പ്രസിഡന്റ് ആയും നിയമിതനായി. ഏപ്രിലിലാണ് ഡെപ്യൂട്ടി കിരീടാവകാശിയും രണ്ടാം ഉപപ്രധാനമന്ത്രിയായും നിയമിച്ചത്. 
യെമനിൽ നിയമാനുസൃത ഭരണകൂടം പുനഃസ്ഥാപിക്കുന്നതിനുള്ള സൈനിക നടപടിക്കും സൈനിക സഖ്യം സ്ഥാപിക്കുന്നതിനും മുൻകൈയെടുത്ത മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മേഖലയിൽ സുരക്ഷാ ഭദ്രത സാക്ഷാൽക്കരിക്കുന്നതിന് ശക്തമായ മറ്റേതാനും സഖ്യങ്ങൾക്കും രൂപം നൽകി. ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള ഇസ്‌ലാമിക സഖ്യ സേന രൂപീകരിച്ചത് കിരീടാവകാശിയുടെ മറ്റൊരു പ്രധാന നേട്ടമാണ്. സഖ്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാധ്യത തേടിയും മേഖലയിലെ പ്രശ്‌നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിന് ശ്രമിച്ചും അമേരിക്ക, ജപ്പാൻ, ചൈന, റഷ്യ അടക്കമുള്ള രാജ്യങ്ങളിൽ നടത്തിയ പര്യടനങ്ങൾ രാജ്യത്തിന് മുതൽക്കൂട്ടായി. പ്രധാന വരുമാന സ്രോതസ്സ് എന്നോണം എണ്ണയെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നത് ലക്ഷ്യമിട്ടുള്ള സാമ്പത്തിക പോംവഴികൾക്ക് രൂപം നൽകുന്നതിന് പ്രഖ്യാപിച്ച വിഷൻ 2030 പദ്ധതിയിൽ മുഴുവൻ മന്ത്രാലയങ്ങളും പങ്കാളിത്തം വഹിക്കുന്നു.
 

Latest News